kerala

രാജ്കോട്ട്: മേഘാലയയെ ഇന്നിംഗ്സിനും 166 റണ്ണിനും പരാജയപ്പെടുത്തി കേരളം രഞ്ജി ട്രോഫിയിലെ സീസണിലെ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി. രഞ്ജി അരങ്ങേറ്റ മത്സരം കളിച്ച പതിനാറുകാരൻ പേസർ ഏഥൻ ആപ്പിൾ ടോമിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ആദ്യ ഇന്നിംഗ്സിലെ നാലു വിക്കറ്റ് അടക്കം മത്സരത്തിൽ മൊത്തം ആറ് വിക്കറ്റുകളാണ് ഏഥൻ വീഴ്ത്തിയത്.

മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് 505 - 9 എന്ന സ്കോറിന് രണ്ടാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത കേരളത്തിനെതിരെ മറുപടി ബാറ്റിംഗിൽ 191ന് ഓൾ ഔട്ടാവുകയായിരുന്നു. മേഘാലയയുടെ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പി മേഘാലയയുടെ നടുവ് ഒടിച്ചത്. ജലജ് സക്സേന മൂന്ന് വിക്കറ്റും ഏഥൻ രണ്ട് വിക്കറ്റും മനു കൃഷ്ണൻ ഒരു വിക്കറ്റും വീഴ്ത്തി. മേഘാലയ നിരയിൽ 75 റണ്ണെടുത്ത ഖുറാനയും 55 റണ്ണെടുത്ത ഡിപ്പുവും ഒഴിച്ച് വേറെയാർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

ആദ്യ ദിനത്തിൽ സെഞ്ച്വറി നേടിയിരുന്ന രോഹൻ എസ്.കുന്നുമ്മലിന് പിന്നാലെ പി രാഹുൽ (147), വത്സൽ ഗോവിന്ദ്(106 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചുറികളും അർദ്ധസെഞ്ച്വറി നേടിയ നായകൻ സച്ചിൻ ബേബി(56),) എന്നിവരുടെ മികച്ച പ്രകടനമാണ് കേരളത്തെ ഒന്നാം ഇന്നിംഗ്സിൽ കരുത്തുറ്റ നിലയിലെത്തിച്ചത്.