കാലടി: കേരളത്തിന് വൻതോതിൽ നിക്ഷേപം ലഭ്യമാക്കുന്നതും നിരവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതുമായ ഗിഫ്‌റ്റ് സിറ്റി സ്വന്തമാകുന്നതിന്റെ ആവേശത്തിലാണ് അയ്യമ്പുഴക്കാർ. ഇവിടെ 543 ഏക്കറിലാണ് ഇന്ത്യയിലെ രണ്ടാമത്തെ ഗിഫ്‌റ്റ് സിറ്റി വരുന്നത്.
പദ്ധതി വരുന്നതിൽ അയ്യമ്പുഴക്കാർ സന്തോഷത്തിലാണെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാരിനൊപ്പം പ്രവർത്തിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ പറഞ്ഞു.
₹850 കോടി
ഗിഫ്‌റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കാനായി കിഫ്‌ബി 850 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
എന്താണ് ഗിഫ്‌റ്റ് സിറ്റി?
ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റിയുടെ ചുരുക്കെഴുത്താണ് ഗിഫ്‌റ്റ് സിറ്റി. വ്യാപാരം, വാണിജ്യം, ബാങ്കുകൾ, ഐ.ടി/ഐ.ടി.ഇ.എസ്., വിനോദം, ഹോസ്‌പിറ്റാലിറ്റി, ഇൻഷ്വറൻസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഇവിടെ വൻനിക്ഷേപവുമായി സാന്നിദ്ധ്യമറിയിക്കും.
ലോകോത്തര നിലവാരത്തിലുള്ള കൺവെൻഷൻ സെന്ററുമുണ്ടാകും. പരിസ്ഥിതി സൗഹൃദമായിരിക്കും പദ്ധതിയെന്ന പ്രത്യേകതയുമുണ്ട്.
കൊച്ചിയുടെ കുതിപ്പാകും
ഇന്ത്യയിലും ആഗോളതലത്തിലും ശ്രദ്ധേയമായ കമ്പനികൾ ഗിഫ്‌റ്റ് സിറ്റിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇത് കൊച്ചിക്കും കേരളത്തിനും വൻ വികസനക്കുതിപ്പാകും. മൂന്നുഘട്ടങ്ങളിലായുള്ള പദ്ധതി പൂർത്തിയാകുമ്പോൾ നേരിട്ടും അല്ലാതെയും നാലുലക്ഷത്തിലേറെ പേർക്ക് തൊഴിൽകിട്ടും.