
ആദ്യ മത്സരത്തിൽ കേരളം മേഘാലയയെ ഇന്നിംഗ്സിനും 166 റൺസിനും പരാജയപ്പെടുത്തി
അരങ്ങേറ്റമത്സരത്തിൽ മാൻ ഒഫ് ദ മാച്ചായി ഏദൻ ആപ്പിൾ ടോം
രാജ്‌കോട്ട്: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇടിവെട്ട് ഇന്നിംഗ്സ് വിജയവുമായി കേരളം. രാജ്കോട്ടിൽ മേഘാലയയെ ഇന്നിംഗ്സിനും 166 റൺസിനുമാണ് സച്ചിൻ ബേബിയും കൂട്ടരും കശക്കിയെറിഞ്ഞത്. മൂന്നാം ദിനമായ ഇന്നലെ മേഘാലയയെ രണ്ടാം ഇന്നിംഗ്സിൽ 191 റൺസിന് പുറത്താക്കിയാണ് കേരളം വിജയം ആഘോഷിച്ചത്.ഇതോടെ കേരളത്തിന് വിലപ്പെട്ട ഏഴു പോയിന്റ് ലഭിച്ചു. എലൈറ്റ് ഗ്രൂപ്പ് എയിൽ ഒന്നാമതാണ് കേരളം.
ആദ്യ ഇന്നിംഗ്സിൽ മേഘാലയയെ 148 റൺസിന് ആൾഒൗട്ടാക്കിയശേഷം കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 505 റൺസെടുത്ത് ഡിക്ളയർ ചെയ്തിരുന്നു. 357 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ മേഘാലയ രണ്ടാം ഇന്നിംംഗ്സിലും തകർന്നതോടെയാണ് കേരളം ഒരു ദിനം അവശേഷിക്കവേ വിജയം നേടിയെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയുടെയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്‌സേനയുടേയും ബൗളിംഗ് മികവിലാണ് രണ്ടാം ഇന്നിംഗ്സിൽ കേരളം എതിരാളികളെ ചുരുട്ടിയത്. ആദ്യ ഇന്നിംഗ്സിൽ നാലുവിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ രണ്ടുവിക്കറ്റും നേടിയ പേസർ ഏദൻ ആപ്പിൾ ടോം അരങ്ങേറ്റമത്സരത്തിൽതന്നെ മാൻ ഒഫ് ദ മാച്ചായി.
സെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ പി.രാഹുലും(147),രോഹൻ എസ്.കുന്നുമ്മലും (107) വത്സൽ ഗോവിന്ദും(106), അർദ്ധസെഞ്ച്വറി നേടിയ നായകൻ സച്ചിൻ ബേബിയുമാണ് (56)കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങിയത്.ഇന്നലെ 76 റൺസുമായി ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ വത്സൽ 193 പന്തുകളിൽ എട്ടു ഫോറും ഒരു സിക്സും പായിച്ചാണ് 106 റൺസുമായി പുറത്താകാതെ നിന്നത്. വത്സലിന്റെ ആദ്യ രഞ്ജി സെഞ്ച്വറിയാണിത്.
24ന് ഗുജറാത്തിന് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.