
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇടതുമുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയിൽ അഭിപ്രായഭിന്നതയുണ്ടെങ്കിൽ അത് തന്റെ മേൽ തീർക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
താന്‍ രാജിവെക്കണമെന്ന് പറയുന്നവരല്ല തന്നെ നിയമിച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. താന്‍ ബ്ലാക്ക് മെയില്‍ ചെയ്‌തെങ്കില്‍ അതിന് എന്തിന് കീഴടങ്ങി. കാനം രാജേന്ദ്രന്‍ ഇപ്പോഴും ഭരണമുന്നണിയില്‍ തന്നെയല്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന സംഭവവവികാസങ്ങളില്‍ തനിക്ക് യാതൊരു വിധത്തിലുള്ള മനഃപ്രയാസവുമില്ലെന്നും താന്‍ ആത്മവിശ്വാസത്തിലാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.