gold

കൊച്ചി: ദിവസേനയുള്ള സ്വർണവില നിർണയത്തിൽ വൻകിടക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) വ്യക്തമാക്കി. 50 വർഷത്തിലേറെയായി സംസ്ഥാനത്ത് സ്വർണവില നിശ്‌ചയിക്കുന്നത് എ.കെ.ജി.എസ്.എം.എയാണ്.

വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ച്, സുതാര്യമായി തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9.38നും ശനിയാഴ്‌ചകളിൽ 9.20നുമാണ് വില നിർണയിച്ച് അറിയിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ എ.കെ.ജി.എസ്.എം.എ വിലയിട്ടശേഷം ചിലർ വ്യക്തിപരമായി വേറെ വിലനിശ്ചയിച്ച് കച്ചവടം നടത്തിയത് സമ്മർദ്ദതന്ത്രമാണ്. ഇവർ കഴിഞ്ഞദിവസം വരെ മൂന്നുശതമാനം വില കൂട്ടിയിടണമെന്ന് എ.കെ.ജി.എസ്.എം.എയോട് നിർദേശിച്ചിരുന്നു.

ഇപ്പോഴിടുന്നതിനേക്കാൾ അധികലാഭം ചേർന്ന് വില നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കില്ല. ലാഭം കുറച്ചിട്ട് വിലയിടുന്ന സാഹചര്യത്തിൽപ്പോലും ഒട്ടേറെ ഓഫറുകൾ നൽകുന്ന വൻകിട ബ്രാൻഡുകൾ, ലാഭം കൂട്ടിയിട്ടാൽ ഓഫറുകളും വർദ്ധിപ്പിക്കും. വൻകിടക്കാർ തമ്മിലുള്ള അനാരോഗ്യ കിടമത്സരമാണ് വിപണിയുടെ പ്രതിച്ഛായ മോശമാക്കുന്നതെന്നും അനാവശ്യ ഓഫറുകൾ അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.