
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഷോപ്പിയാനിലെ സൈനാപോര മേഖലയിലെ ചെർമർഗിൽ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഇയാളെ തിരിച്ചറിയാനായിട്ടില്ല.
ജവാന്മാരായ സന്തോഷ് യാദവ്, രോമിത് ചൗഹാൻ എന്നിവരാണ് ഭീകരരുടെ വെടിയേറ്റ് ജീവൻ വെടിഞ്ഞത്. ഗുരുതര പരിക്കുമായി ഇവരെ ശ്രീനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യസന്ദേശം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.