
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതിക്ക് ഇന്ത്യ-യു.എ.ഇ വ്യാപാരക്കരാർ സമ്മാനിക്കുക വൻ നേട്ടം. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ആഭരണ ഇറക്കുമതിക്ക് യു.എ.ഇ അഞ്ചു ശതമാനം ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുണ്ട്. കരാർ യാഥാർത്ഥ്യമായതോടെ ഇറക്കുമതിച്ചുങ്കം പൂജ്യമായെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യൻ പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ശരാശരി 800 ടണ്ണാണ് ഇറക്കുമതി. 2020-21ൽ യു.എ.ഇയിൽ നിന്ന് 70 ടൺ ഇറക്കുമതി ചെയ്‌തിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആഭരണങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഒഴിവാക്കുന്നതിന് പകരമായി നികുതിയിളവ് നൽകി യു.എ.ഇയിൽ നിന്ന് ഇന്ത്യ പ്രതിവർഷം 200 ടൺ സ്വർണം വാങ്ങും.
നിലവിൽ മറ്റുരാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന സ്വർണത്തിനുള്ള നികുതിയേക്കാൾ ഒരു ശതമാനം കുറവായിരിക്കും യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതിക്ക്. ഇത് ഒരു ശതമാനം നികുതിയിളവ് ലഭിക്കുമെന്ന് മാത്രമല്ല, ഇന്ത്യയിലേക്കുള്ള ഇറക്കുമതി വൻതോതിൽ ഉയർത്താനും യു.എ.ഇയ്ക്ക് സഹായകമാകും. ചെമ്പ്, പോളിഎതിലീൻ, പോളിപ്രൊപ്പിലീൻ എന്നിവയ്ക്കും ഇറക്കുമതിയിൽ നികുതിയിളവ് നൽകും.
സംരക്ഷിത ഉത്‌പന്നങ്ങളിൽ
പാലും പഴങ്ങളും റബറും
ഇന്ത്യയിലെ സുപ്രധാന ഉത്‌പന്നങ്ങളെ സംരക്ഷിത വിഭാഗത്തിൽപ്പെടുത്തി കരാറിൽ നിന്ന് മാറ്റിനിറുത്തിയിട്ടുണ്ട്. പാലുത്പന്നങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറി, റബർ, പുകയില, തേയില, ധാന്യങ്ങൾ, കാപ്പി, ഹെയർഡൈ, സോപ്പ്, ടയർ, പാദരക്ഷ, മെഡിക്കൽ ഉപകരണങ്ങൾ, വാഹനഘടകങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
നികുതിയിളവോടെ ഇവ വൻതോതിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത് തടയുകയാണ് ലക്ഷ്യം. മൂന്നാമതൊരു രാജ്യത്തുനിന്നുള്ള ഉത്‌പന്നങ്ങൾ മൂല്യവർദ്ധനയില്ലാതെ മറ്റൊരു ലേബലിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും യു.എ.ഇയ്ക്ക് കഴിയില്ല.
ഇന്ത്യയിൽ മികച്ചനിലയിൽ ഉത്‌പാദനം നടക്കുന്നതും കേന്ദ്രസർക്കാരിന്റെ പി.എൽ.ഐ സ്കീമിൽ ഉൾപ്പെട്ടതുമായ മേഖലകളെയും കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിൽ നിന്നുള്ള 90 ശതമാനം ഉത്‌പന്നങ്ങളെയും ഇറക്കുമതി നികുതിയിൽ നിന്ന് യു.എ.ഇ ഒഴിവാക്കും. അഞ്ചുവർഷത്തിനകം ഇത് 99 ശതമാനമാകും.
യു.എ.ഇയിൽ നിന്നുള്ള 80 ശതമാനം ഉത്‌പന്നങ്ങൾക്ക് ഇന്ത്യ നികുതി ഈടാക്കില്ല. 10 വർഷത്തിനകം ഇത് 90 ശതമാനമാകും.