modi

ന്യൂഡൽഹി: കീടനാശിനികൾ തളിക്കുന്നത് അടക്കമുള്ള കാർഷിക ആവശ്യത്തിനായി ഉപയോഗിക്കാവുന്ന 100 'കിസാൻ ഡ്രോണു'കൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ഡ്രോൺ മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന ശേഷി ലോകത്തിന് മാതൃകയായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഡ്രോൺ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പുതിയൊരു സംസ്‌കാരം ഉടലെടുക്കാൻ പോവുകയാണ്. ഇപ്പോഴത്തെ 100 ഡ്രോണുകൾ ഭാവിയിൽ ആയിരമായി ഉയരും. ഇതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനാകും. ഈ മേഖലയുടെ വികസനത്തിന് തടസങ്ങളൊന്നും സംഭവിക്കില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തും. അതിന് വേണ്ടിയുള്ള പരിഷ്‌കാരങ്ങളും നയപരമായ നടപടികളും ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട്. 21ാം നൂറ്റാണ്ടിൽ ആധുനിക കാർഷിക സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയുള്ള പുതിയൊരു അദ്ധ്യായമായിരിക്കുമിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ യുവാക്കളിൽ വിശ്വാസമർപ്പിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യയ്ക്കും നൂതനാശയങ്ങൾക്കും സർക്കാർ ബഡ്ജറ്റിൽ മുൻഗണന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.