
പാലക്കാട്: സംസ്ഥാനത്ത് പകൽ നേരത്തെ വൈദ്യുതി ചാർജ് കുറയ്ക്കാനും രാത്രിയിലത്തെ നിരക്ക് കൂട്ടാനും ആലോചിക്കുന്നതായി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പകൽ നിരക്ക് കുറയ്ക്കുന്നത് വ്യവസായങ്ങൾക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സ്മാർട്ട് മീറ്റർ അടുത്തുതന്നെ വരും. അപ്പോൾ, ഉപയോഗസമയം നോക്കി നിരക്ക് കുറയ്ക്കാനും കൂട്ടാനും കഴിയും.
പാലക്കാട് കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷൻ പരിസരത്ത് മൂന്ന് മെഗാവാട്ട് സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
കെ.എസ്.ഇ.ബിയിലെ പ്രശ്നത്തിൽ ചെയർമാനും ബോർഡും ജീവനക്കാരുമെല്ലാം സ്ഥാപനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പരിശോധിക്കാവുന്നതാണ്. ഇപ്പോൾ അപാകതയൊന്നും കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സി.ഇ.എ റെഗുലേഷൻ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ പശ്ചാത്തലത്തിൽ കെ.എസ്.ഇ ബിയിൽ വർഷങ്ങളായി പ്രൊമോഷൻ മുടങ്ങിയിരുന്ന 4230 തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷൻ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പിന്നീട് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു
എ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷ്യത വഹിച്ചു.വി.കെ.ശ്രീകണ്ഠൻ എം.പി.മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര ഡയറക്ടർ അഡ്വ.വി.മുരുഗദാസ് സംസാരിച്ചു.കെ എസ് ഇ ബി സി.എം.ഡി. ഡോ.ബി.അശോക് സ്വാഗതവും ഡയറക്ടർ ആർ.സുകു നന്ദിയും പറഞ്ഞു.