
മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിന്റെ ഇൻജുറി ടൈമിലെ അവസാനമിനിട്ടിലെ ഗോളിലൂടെ കേരള ബ്ളാസ്റ്റേഴ്സിനെ 2-2ന് സമനിലയിൽ തളച്ച് എ.ടി.കെ മോഹൻ ബഗാൻ.
ഏഴാം മിനിട്ടിലും 64-ാംമിനിട്ടിലും അഡ്രിയാൻ ലൂണയാണ് ബ്ളാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. എ.ടി.കെയ്ക്കായി എട്ടാം മിനിട്ടിൽ ഡേവിഡ് വില്യംസും അവസാന സമയത്ത് ജോനി കൗക്കോയുമാണ് സ്കോർ ചെയ്തത്. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായ എ.ടി.കെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 27 പോയിന്റുളള ബ്ളാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്.
ഈ സീസണിലെ ആദ്യ മത്സരത്തിൽ തങ്ങളെ തോൽപ്പിച്ചിരുന്ന എ.ടി.കെയ്ക്ക് എതിരെ തുടക്കം മുതൽ ആധിപത്യം ഉറപ്പിക്കാനാണ് ബ്ളാസ്റ്റേഴ്സ് ശ്രമിച്ചത്.എന്നാൽ ഒട്ടും വിട്ടുകൊടുക്കാൻ എ.ടി.കെയും തയ്യാറായിരുന്നില്ല. ബ്ളാസ്റ്റേഴ്സ് വലകുലുക്കി തൊട്ടടുത്ത മിനിട്ടിൽ അവർ തിരിച്ചടിച്ചു.എട്ടാം മിനിട്ടിൽ ഡേവിഡ് വില്യംസിന്റെ ഗോളിലൂടെയാണ് എ.ടി.കെ സമനില പിടിച്ചത്. പ്രീതം കോട്ടാലിന്റെ പാസിൽ നിന്നായിരുന്നു വില്യംസിന്റെ ഗോൾ. ആദ്യ പകുതി 1-1ന് സമനിലയിലാണ് അവസാനിച്ചത്. 64-ാം മിനിട്ടിൽ ഖ്വാർലിംഗിന്റെ പാസിൽ നിന്നാണ് ലൂണ രണ്ടാം ഗോൾ നേടിയത്.ഇൻജുറി ടൈമിൽ പ്രബിർ ദാസ് ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരുമായാണ് എ.ടി.കെ മത്സരം പൂർത്തിയാക്കിയത്. അതിന്ശേഷമായിരുന്നു ബ്ളാസറ്റേഴ്സിന്റെ ഹൃദയം തകർത്ത ജോനിയുടെ സമനില ഗോൾ.