
മുംബയ്: എൻ.എസ്.ഇ ഡേറ്റാസെന്റർ കേസുമായി ബന്ധപ്പെട്ട് മുൻ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ചിത്ര രാംകൃഷ്‌ണയുടെ വിദേശയാത്രകളെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കും. ചിത്രയും മുഖ്യ ഉപദേശകനായിരുന്ന ആനന്ദ് സുബ്രഹ്മണ്യനും വിദേശയാത്രകൾ നികുതിവെട്ടിപ്പിനായി ഉപയോഗിച്ചുവെന്നാണ് സംശയം.
സിംഗപ്പൂർ, സീഷെൽസ്, മൗറീഷ്യസ് എന്നിവടങ്ങളിലേക്ക് ഇരുവരും ഔദ്യോഗികവും വ്യക്തിപരവുമായ യാത്രകൾ നടത്തിയിരുന്നു. മൂന്നുരാജ്യങ്ങളും നികുതിഭാരമില്ലാത്തവയും നികുതിവെട്ടിപ്പുകാരുടെ സ്വർഗഭൂമിയുമാണ്. ഇവിടങ്ങളിലേക്ക് ചിത്രയും ആനന്ദ് ഫണ്ട് തിരിമറിനടത്തി നികുതി വെട്ടിച്ചുവെന്ന സംശയമാണ് ആദായനികുതി വകുപ്പിനുള്ളത്. മൂന്നു രാജ്യങ്ങളിലേക്കും ചിത്രയും ആനന്ദും പതിവായി പോയിരുന്നുവെന്നതാണ് സംശയത്തിന് കാരണം.
ട്വിറ്ററിൽ പോരടിച്ച് കിരണും
മോഹൻദാസ് പൈയും
എൻ.എസ്.ഇ ഡേറ്റാസെന്റർ കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പോരടിച്ച് പ്രമുഖ വ്യവസായികളായ കിരൺ മജുംദാർ ഷായും മോഹൻദാസ് പൈയും. ലോകത്തെ തന്നെ ഏറ്റവും വലിയ ഓഹരിവിപണിയായ എൻ.എസ്.ഇയെ ഒരു യോഗിയാണ് നിയന്ത്രിച്ചിരുന്നതെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും എൻ.എസ്.ഇയുടെ നേതൃത്വത്തെ കുറിച്ച് ഓർക്കുമ്പോൾ ഞെട്ടൽ തോന്നുന്നുവെന്നും ബയോകോൺ സി.ഇ.ഒയായ കിരൺ ട്വീറ്റ് ചെയ്‌തിരുന്നു.
ഒരുയോഗിയും എൻ.എസ്.ഇയെ നിയന്ത്രിച്ചിട്ടില്ലെന്നും വ്യാജവാർത്ത പരത്തരുതെന്നും ഇതിനു മറുപടിയായി ഇൻഫോസിസ് മുൻ ഡയറക്‌ടറും പദ്മശ്രീ ജേതാവും ആരിൻ കാപ്പിറ്റൽ പാർട്‌ണേഴ്‌സ് ചെയർമാനുമായ മോഹൻദാസ് പൈ ട്വീറ്റ് ചെയ്‌തു.
സെബിയുടെ കണ്ടെത്തലുകൾ അബദ്ധമാണോയെന്നും എൻ.എസ്.ഇയിലെ ജീവനക്കാർ നിരപരാധികളാണോയെന്നും ഇതിന്റെ മറുപടിയായി കിരൺ ചോദിച്ചു. (ചിത്ര മാനേജിംഗ് ഡയറക്‌ടറായിരിക്കേ സെബി നിയോഗിച്ച സ്വതന്ത്ര ഡയറക്‌ടർമാരിൽ ഒരാളായിരുന്നു പൈ).