
ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി അഹമ്മദാബാദ് ഡിഫൻഡേഴ്സ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ലീഗിൽ സെമി യോഗ്യത നേടുന്ന ആദ്യ ടീമാണ് അഹമ്മദാബാദ്. സ്‌കോര്‍: 7-15, 15-10, 15-13, 15-14, 10-15. അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പൊയിന്റുമായി അഹമ്മദാബാദ് പൊയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ ഷോണ്‍ ടി ജോണാണ് പ്ലെയര്‍ ഒഫ് ദ് മാച്ച്.
ആദ്യ സെറ്റില്‍ 7-3ന് ലീഡ് നേടിയ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രാഹുലും വിനീത് കുമാറും മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ അശ്വല്‍ റായിയും കൊല്‍ക്കത്തക്കായി മികച്ച പ്രകടനം നടത്തി. വിനീതിന്റെ ഒരു തകര്‍പ്പന്‍ സ്മാഷ് തണ്ടര്‍ബോള്‍ട്ട്‌സിന് സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. 13-7ന് വന്‍ ലീഡ് നേടിയ ടീം ആദ്യ സെറ്റ് 15-7ന് സ്വന്തമാക്കി. കൊല്‍ക്കത്തയുടെ ചില അനാവശ്യ പിഴവുകള്‍ അഹമ്മദാബാദിന് സെറ്റില്‍ 13-6ന് ആധിപത്യം നല്‍കി. ഒടുവില്‍ 15-10ന് ഡിഫന്റേഴ്‌സ് രണ്ടാം സെറ്റ് അവസാനിപ്പിച്ചു.
മൂന്നാം സെറ്റില്‍ ഇരുടീമുകളും കടുത്ത പോരാട്ടം നടത്തി. സ്‌കോര്‍ 9-9 വരെ സമനിലയിലായി. കൊല്‍ക്കത്ത ക്യാപ്റ്റന്‍ അശ്വല്‍ റായ് ഒരു മികച്ച സ്‌പൈക്കും ബ്ലോക്കും പുറത്തെടുത്ത് ടീമിന് ഒരു പൊയിന്റ് ലീഡ് നല്‍കിയതിന് പിന്നാലെ, അംഗമുത്തുവിന്റെ സ്‌പൈക്കിലൂടെ അഹമ്മദാബാദ് സ്‌കോര്‍ വീണ്ടും സമനിലയിലാക്കി (12-12). ഹര്‍ദീപ് സിങിന്റെ ഒരു ഉജ്ജ്വലമായ സ്‌പൈക്ക് 15-13ന് മൂന്നാം സെറ്റ് നേടാനും, മത്സരത്തില്‍ 2-1ന് ലീഡ് ചെയ്യാനും അഹമ്മദാബാദ് സഹായിച്ചു.
അംഗമുത്തുവിന്റെ തകര്‍പ്പന്‍ സ്‌പൈക്കും, മനോജിന്റെ ഒരു മികച്ച ബ്ലോക്കും നാലാം സെറ്റില്‍ ഡിഫൻഡേഴ്‌സിന് 10-8ന്റെ മുന്നേറ്റം നല്‍കി. തിരിച്ചുവന്ന തണ്ടര്‍ബോള്‍ട്ടസ് വിനീതിന്റെ അതിശയകരമായ സ്മാഷിലൂടെ 11-11ന് സ്‌കോര്‍ സമനിലയിലാക്കി. ഷോണ്‍ ടി ജോണ്‍ ഡിഫന്റേഴ്‌സിന് ഒരു സൂപ്പര്‍ പൊയിന്റ് സമ്മാനിച്ചതോടെ അഹമ്മദാബാദിന് 13-11 ലീഡായി. അശ്വല്‍ റായ് തന്റെ മിന്നും പ്രകടനം പുറത്തെടുത്ത് സ്‌കോര്‍ വീണ്ടും 13-13ന് സമനിലയിലാക്കി. പതറാതെ കളിച്ച അഹമ്മദാബാദ് നാലാം സെറ്റ് 15-14ന് അവസാനിപ്പിച്ച് വിജയം ഉറപ്പിച്ചു.
തിരിച്ചുവരവിന് ശ്രമിച്ച കൊല്‍ക്കത്ത അഞ്ചാം സെറ്റില്‍ 8-6ന് മുന്നിലെത്തി. ക്യാപ്റ്റന്റെ മികവില്‍ 15-10ന് അവസാന സെറ്റ് നേടിയ ടീം തോല്‍വിയുടെ ഭാരവും കുറച്ചു. റുപേ പ്രൈം വോളിബാള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ ജയിച്ച കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.