
തിരുവനന്തപുരം: തിരുവല്ലം പനത്തുറക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ രണ്ടു പ്രതികളെ കൂടി പൊലീസ് പിടികൂടി. വാഴമുട്ടം സ്വദേശികളായ ആകാശ് (19), തവള വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണു (23) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. ഈ കേസിലെ മറ്റു രണ്ടു പ്രതികളായ ജിത്തുലാൽ, അനിക്കുട്ടൻ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം. പൂങ്കുളം സ്വദേശിയായ ഉണ്ണി ശങ്കറിനെ ഉത്സവപ്പറമ്പിൽ വച്ച് പ്രതികൾ ഉൾപ്പെട്ട ആറംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിടിയിലായ പ്രതി ആകാശ് കോവളം പൊലീസ് സ്റ്റേഷനിൽ നാല് അടിപിടിക്കേസുകളിലെ പ്രതിയാണ്. ഒളിവിലായിരുന്ന പ്രതികളെ തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി.നായർ, എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, സജീവ് കുമാർ, സി.പി.ഒ വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.