
കിഴക്കമ്പലം: സി പി എം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പൂർണരൂപം ഇന്ന് പുറത്തുവരും. തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളേജിലാണ് ദീപുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ കിഴക്കമ്പലം സ്വദേശികളായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും.
പ്രദേശത്ത് കനത്ത പൊലീസ് കാവൽ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിന് വൈകിട്ട് വീടിന് മുന്നിൽ സിപിഎം പ്രവർത്തകരുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് പെയിന്റിംഗ് തൊഴിലാളിയായിരുന്ന ദീപുവിന് മർദ്ദനമേറ്റത്.
തലവേദനയെത്തുടർന്ന് തിങ്കളാഴ്ചയാണ് ദീപുവിനെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. സി.ടി സ്‌കാനിംഗിൽ തലയിൽ രക്തസ്രാവം കണ്ടതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.