kuthiravattom

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. അന്തേവാസിയായ പതിനേഴുകാരി ചാടിപ്പോയി. ഓട് പൊളിച്ചാണ് പെൺകുട്ടി പുറത്തുകടന്നത്. പൊലീസ് തെരച്ചിൽ ആരംഭിച്ചു. അന്തേവാസി കൊല്ലപ്പെട്ട അഞ്ചാം വാര്‍ഡിലാണ് സുരക്ഷാവീഴ്ചയുണ്ടായത്.

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്നലെ പുറത്തുകടന്ന ഇരുപത്തിയൊന്നുകാരനെ കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് കുളിമുറിയുടെ വെന്റിലേറ്റർ പൊളിച്ചാണ് ഇയാൾ ചാടിപ്പോയത്. ഷൊർണൂരിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.ഫെബ്രുവരി പതിനാലാം തീയതി രണ്ട് അന്തേവാസികളെ കാണാതായിരുന്നു. പിന്നീട് അവരെ മലപ്പുറത്ത് നിന്നും കണ്ടെത്തുകയായിരുന്നു.

ഈ മാസം ഒൻപതാം തീയതിയാണ് അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാർ കുറവാണെന്നു മാത്രമല്ല, സ്ത്രീകളായി ഒരാൾ പോലുമില്ലെന്ന പ്രശ്നവുമുണ്ട്. 469 അന്തേവാസികളാണ് ഇവിടെയുള്ളത്. ഇതിൽ 168 പേർ സ്‌ത്രീകളാണ്. ആകെ നാലു താത്കാലിക സുരക്ഷാ ജീവനക്കാരാണുള്ളത്.