
കോട്ടയം: സി പി എം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. സാബു എം ജേക്കബ് അടക്കം ആയിരം പേർക്കെതിരെയാണ് കേസെടുത്തത്.
ഇന്നലെ വൈകിട്ടായിരുന്നു ദീപുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. അഞ്ച് മണിയോടെ അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. മൂന്ന് മണിയോടെ മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി 20 നഗറിൽ പൊതുദർശനത്തിന് വച്ചിരുന്നു. ഇവിടെയും നിരവധി പേരാണ് എത്തിയത്.
അതേസമയം ദീപുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പൂർണരൂപം ഇന്ന് പുറത്തുവരും. തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളേജിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന സാബു ജേക്കബ് ഉൾപ്പടെയുള്ളവരുടെ ആരോപണത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും.