swapna-suresh

ദുബായ്: സ്വപ്ന സുരേഷിന്റെ നിയമനം ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി എച്ച്ആർഡിഎസ്. എന്ത് വിവാദമുണ്ടായാലും നിയമനം മരവിപ്പിക്കില്ലെന്നും ഡയറക്ടർ ബോർഡ് വിശദമായി ചർച്ച ചെയ്താണ് നിയമനം നടത്തിയതെന്നും സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. എച്ച്ആർഡിഎസിന് ബിജെപിയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു സുഹൃത്തിലൂടെയാണ് സ്വപ്നയെ കുറിച്ച് അറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും പറഞ്ഞപ്പോൾ ബയോഡാറ്റ അയക്കാൻ പറഞ്ഞു. തുടർന്ന് എച്ച്ആർഡിഎസ് ഡിപ്പാർട്ട്മെന്റ് അഭിമുഖം നടത്തിയാണ് നിയമനം നൽകിയത്' - അദ്ദേഹം വ്യക്തമാക്കി. കേസ് നിലനിൽക്കുന്നു എങ്കിലും സ്വപ്ന ആരോപണ വിധേയ മാത്രമാണ്. കുറ്റക്കാരിയാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അവർക്ക് ഈ മേഖലയിലുള്ള പ്രവൃത്തി പരിചയം പരിഗണിച്ചാണ് ജോലി നൽകിയതെന്നും അജി കൃഷ്ണൻ പറഞ്ഞു.

'ബിജെപിയിൽ പ്രവ‌ർത്തിച്ചവർ സംഘടനയിൽ ഉണ്ടാകും എന്നാൽ എച്ച്ആർഡിഎസിന് പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. കേസിൽ ഉൾപ്പെട്ട ശിവശങ്കർ വീണ്ടും സർക്കാർ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. പിന്നെ എന്തുകൊണ്ടാണ് സ്വപ്നയ്ക്ക് എച്ച്ആർഡിഎസ് ജോലി കൊടുക്കുമ്പോൾ മാത്രം വിവാദമാകുന്നതെന്നും ഇത്തരം ഇരട്ടത്താപ്പ് അവസാനിപ്പിക്കണം' അജി കൃഷ്ണൻ ആവശ്യപ്പെട്ടു. ബിജെപിയുമായി എച്ച്ആർഡിഎസിന് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.