
തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവിക്ക് നിറകാഴ്ചയായി ഭക്ത 60 സെന്റ് സ്ഥലം സമർപ്പണം ചെയ്തു. ആലുവ ചെങ്ങമനാട് സ്വദേശിനി പരേതയായ ശാന്ത എൽ.പിള്ളയാണ് മരണശേഷം തന്റെ വസ്തു ചോറ്റാനിക്കരയമ്മയ്ക്ക് നൽകുന്നതിന് വിൽപ്പത്രം തയ്യാറാക്കി വച്ചിരുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലെ കഴിഞ്ഞദിവസം നടന്ന പൂരം ഉത്സവദിവസം സഹോദരി അരൂർ അഞ്ജലി നിവാസിൽ ലക്ഷമി പി.പിള്ള ക്ഷേത്രത്തിലെത്തി വിൽപ്പത്രം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാറിന് കൈമാറി. ദേവസ്വം ബോർഡ് അംഗം വി.കെ അയ്യപ്പൻ, കമ്മീഷണർ എൻ.ജ്യോതി, അസി.കമ്മീഷണർ ബിജു ആർ.പിള്ള, മാനേജർ എം.ജി യഹൂലദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
20 വർഷത്തോളം ചോറ്റാനിക്കര ക്ഷേത്രത്തിൽ സൗജന്യ സേവനം ചെയ്ത വ്യക്തിയാണ് ശാന്ത എൽ.പിള്ള. തന്റെ പേരിലുള്ള ചേർത്തല പള്ളിപ്പുറത്തെ ഭൂമിയാണ് അമ്മയ്ക്കായി ഇവർ മാറ്റിവച്ചത്. ഏക മകന്റെ അപകടമരണശേഷം ശാന്തയും ഭർത്താവും ചോറ്റാനിക്കരയിലേക്ക് താമസം മാറ്റി. സേവനങ്ങൾക്കിടയിൽ ഭർത്താവിന്റെ വിയോഗവും ശാന്തയെ തെല്ലൊന്നലട്ടിയെങ്കിലും സേവനം തുടർന്നു. ഇതിനിടയിൽ ശാരീരിക അസ്വസ്ഥതകൾ കൂടി അലട്ടിയതോടെ സഹോദരിയുടെ വീട്ടിലേക്ക് മാറിയെങ്കിലും ഒരു മാസം മുമ്പ് മരിച്ചു.