murder-case

കട്ടപ്പന : തമിഴ് വംശജനായ യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭാര്യ അറസ്റ്റിലായി. വണ്ടൻമേട് പുതുവൽ കോളനി രഞ്ജിത്തിനെ (38) ഫെബ്രുവരി 6 ന് രാത്രിയിലാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും പൊലീസിന് സൂചന ഒന്നും ലഭിച്ചില്ല.

തുടർന്ന് ശനിയാഴ്ച്ച കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് രഞ്ജിത്തിന്റെ ഭാര്യ അന്നൈ ലക്ഷ്മി (28) കുറ്റം സമ്മതിച്ചത്. രഞ്ജിത്ത് മദ്യപിച്ച് വഴക്കിട്ടതാണ് കൊലപാതകത്തിലെത്തിച്ചത്. നിരന്തരമായി മദ്യപിക്കുമായിരുന്ന ഇയാൾ സംഭവ ദിവസവും അമിതമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയോടും അമ്മയോടും വഴക്കിട്ടു. മദ്യപിച്ചെത്തിയ ഭർത്താവ് തന്റെ ജന്മദിനത്തിലും മർദിച്ചതോടെയാണ് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നത്. വാക്ക് തർക്കത്തിനൊടുവിൽ അന്നൈ ലക്ഷ്മി രഞ്ജിത്തിനെ തള്ളി നിലത്തിട്ടു.

ഇതിന് ശേഷം കാപ്പിവടി ഉപയോഗിച്ച് പല തവണ തലയ്ക്കടിച്ചു.തുടർന്ന് പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മരണത്തിൽ ആദ്യ ഘട്ടം മുതൽ സംശയം തോന്നിയ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരുന്നു.കട്ടപ്പന ഡി വൈ എസ് പി വി .എ നിഷാദ് മോന്റെ നേതൃത്വത്തിൽ വണ്ടൻമേട് എസ്എച്ച്ഒ വി.എസ് നവാസ്, എസ്.ഐമാരായ എബി,സജിമോൻ ജോസഫ് ,എ എസ് ഐ മഹേഷ്,സിവിൽ പൊലീസ് ഓഫീസർമാരായ ടോണി,അനീഷ്, രേവതി എന്നിവരാണ് കേസ് അന്വേഷിച്ചത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.