
തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും വിമർശനവുമായി രംഗത്തെത്തി. തന്റെ പുതിയ ജോലിയെ പറ്റിയുണ്ടാകുന്ന വിവാദങ്ങൾക്കു പിന്നിൽ ശിവശങ്കറാണെന്ന് സംശയിക്കുന്നതായും എച്ച്ആർഡിഎസിന് ആർഎസ്എസുമായി ബന്ധമുള്ളതായി അറിയില്ലെന്നും സ്വപ്ന പറഞ്ഞു. താൻ ഉപദ്രവിക്കുമെന്ന പേടിയാണ് വിമർശകർക്ക്. ജീവിക്കാൻ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന വ്യക്തമാക്കി.
'എച്ച്ആർഡിഎസിന് ആർഎസ്എസുമായി ബന്ധമുണ്ടോ എന്നൊന്നും അറിയില്ല, അവർ നൽകിയ ഓഫർ ഞാൻ സ്വീകരിക്കുകയായിരുന്നു. ജീവിക്കാൻ നിവൃത്തിയില്ലാതെ നിൽക്കുന്ന എനിക്ക് തെരഞ്ഞെടുക്കാൻ ഒരുപാട് അവസരങ്ങളൊന്നും ഇല്ലായിരുന്നു.'- സ്വപ്ന പറഞ്ഞു. ശിവശങ്കറിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ഉറച്ച് നിൽക്കുന്നതായും സ്വപ്ന വ്യക്തമാക്കി.
'ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ ആരോപണങ്ങൾക്കും പിന്നിൽ എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. അതിനാൽ ശിവശങ്കർ സാറിനോട് പറയാനുള്ളത്, നിങ്ങൾക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശവുമുണ്ട്. നിങ്ങൾ വന്ന് എനിക്കും കുട്ടികൾക്കും അമ്മയ്ക്കും കുറച്ച് വിഷം നൽകി കൊല്ലൂ. നിങ്ങൾ നൽകുന്ന വിഷം കഴിച്ച് മരിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളു. അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്.' സ്വപ്ന പറഞ്ഞു.
വിമർശനം ഉയർത്തുന്ന സിപിഎം നേതാക്കൾക്കെതിരെയും അവർ പൊട്ടിത്തെറിച്ചു. ജീവിക്കാൻ അനുവദിക്കണം താൻ ആരെയും ബുദ്ധിമുട്ടിക്കില്ല എന്നും. ജോലിയിൽ മാറ്റമൊന്നും ഇല്ലെന്ന് കമ്പനി അറിയിച്ചതായും സ്വപ്ന വ്യക്തമാക്കി.