no-mask-

ലണ്ടൻ : ഒരിക്കൽ ഭയന്ന് നാടും വീടും പൂട്ടിയിട്ട് പ്രതിരോധിച്ച കൊവിഡിനെ പൂർണമായും തോൽപ്പിക്കാനായില്ലെങ്കിലും പഴയ ഭയമൊന്നും ഇപ്പോൾ രാജ്യങ്ങൾക്കില്ല. ചൈനയിൽ നിന്നും ഉദ്ഭവിച്ച കൊവിഡിനെ ഇപ്പോഴും ഭയത്തോടെ കാണുന്ന ഏക രാജ്യം ചൈന തന്നെയാണ്. ചെറിയ അളവിൽ കൊവിഡ് കേസുകൾ ഉയരുമ്പോഴേ നഗരങ്ങൾ അടച്ചിടുന്ന രീതിയാണ് ചൈന ഇപ്പോഴും പരീക്ഷിക്കുന്നത്. കടുത്ത പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തി കൊവിഡിനെ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയാനാണ് നീക്കം. കഴിഞ്ഞ ദിവസം ചൈനയിൽ 195 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ ഇപ്പോൾ ദിനംപ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്.

എന്നാൽ മറ്റു രാജ്യങ്ങളിൽ കൊവിഡ് പ്രതിരോധത്തിന്റെ കാർക്കശ്യം ഒഴിയുകയാണ്. കൊവിഡ് ബാധിച്ചവരെ ക്വാറന്റൈൻ ചെയ്യുന്ന രീതി തന്നെ മാറ്റാനാണ് ബ്രിട്ടന്റെ നീക്കം. അടുത്തയാഴ്ചയോടെ ഇതിൽ തീരുമാനം വരുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ കൊവിഡ് പോസിറ്റീവായവർക്കും, ലക്ഷണങ്ങളുള്ളവർക്കും അഞ്ച് ദിവസത്തെ ഐസൊലേഷനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഈ നിയന്ത്രണങ്ങൾ എടുത്ത് മാറ്റുന്നത് അപകടകരമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ നമ്മുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാതെ സ്വയം പരിരക്ഷിക്കുന്നത് തുടരണമെന്ന നിലപാടാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിക്കുന്നത്. കൊവിഡ് പെട്ടെന്ന് അപ്രത്യക്ഷമാകില്ല അതിനാൽ തന്നെ ഈ വൈറസിനൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാനഡയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ രോഷാകുലരായ ജനം രാജ്യത്തെ സ്തംഭിപ്പിച്ചിരുന്നു. ഉപരോധം അവസാനിപ്പിക്കാൻ ഒട്ടാവയിലെ തെരുവുകളുടെ നിയന്ത്രണം ഒടുവിൽ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. വാക്സിൻ എടുക്കുന്നതിൽ എതിർപ്പുള്ളവരാണ് കാനഡയിൽ പ്രതിഷേധം തുടങ്ങിയത്.