
തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എൽഡിഎഫിനെ ജയിപ്പിച്ചതിന് പലിശയടക്കം തിരിച്ചുനൽകുകയാണെന്നും ഭരണകക്ഷി എംഎൽഎയ്ക്കെതിരെ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണർ രാഷ്ട്രീയം പറയുന്നതോടെ കെ സുരേന്ദ്രന് പണിയില്ലാതെയായെന്നും മുരളീധരൻ പരിഹസിച്ചു.
ഗവർണറുടെ സ്റ്റാഫിൽ ഹരി എസ് കർത്തയെ നിയമിച്ചതിനെതിരെയും മുരളീധരൻ വിമർശനമുയർത്തി. ഹരി എസ് കർത്ത ബിജെപി നേതാവ് തന്നെയാണെന്നും, നിയമനം സർക്കാർ അംഗീകരിക്കാൻ പാടില്ലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം ഇതിനു മുമ്പ് ഇല്ലായിരുന്നെന്നും മുരളീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പിഎ ആയാണ് നിയമിച്ചത്. ഗവർണറുടെ സ്റ്റാഫിലെ ബിജെപി നേതാവിന്റെ നിയമനം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്.
പെൻഷൻ തർക്കത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും മുരളീധരൻ പരിഹസിച്ചു. പെൻഷൻ കൊണ്ടുവന്നത് യുഡിഎഫാണ്. പെൻഷൻ കൊടുക്കുന്നത് തെറ്റല്ല. എന്നാൽ ഗവർണറെ തുറന്ന് വിട്ടാൽ ആർഎസ്എസുകാരന് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും മുരളീധരൻ വിമർശിച്ചു. പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കണുമ്പോഴുള്ള അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.