electric-car

പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തീരുമാനമെടുത്ത് ഡൽഹി സർക്കാർ. ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന പഴയ വാഹനങ്ങളാണ് ഇലക്ട്രിക്കിലേക്ക് മുഖം മാറുന്നത്. 2020 ഓഗസ്റ്റിൽ ഇലക്ട്രിക് വെഹിക്കിൾ പോളിസി ആരംഭിച്ചതിന് ശേഷമാണ് ഡൽഹി സർക്കാർ ഇ വാഹനങ്ങൾക്ക് പ്രാധാന്യം നൽകി തുടങ്ങിയത്. ഡൽഹി സർക്കാരിലെ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഉപയോഗിക്കാനായി അടുത്തിടെ 12 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയിരുന്നു.

കാലാവധി കഴിഞ്ഞ ഡീസൽ, പെട്രോൾ വാഹനങ്ങളെ സ്‌ക്രാപ്പിംഗിനായി അയക്കുവാനാണ് തീരുമാനം. ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഉത്തരവ് പ്രകാരം യഥാക്രമം 10 വർഷവും 15 വർഷവും പഴക്കമുള്ള ഡീസൽ, പെട്രോൾ വാഹനങ്ങളുടെ ഉപയോഗം ഡൽഹിയിൽ നിരോധിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വില ഉയർന്ന് നിൽക്കുന്നതിനാലാണ് മാറ്റം പടി പടിയായി കൊണ്ടുവരാൻ ഡൽഹി സർക്കാർ തീരുമാനിച്ചതിന് പിന്നിലെ കാരണം. രണ്ടായിരത്തിലധികം പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.