
കാസർകോട്: കാസർകോട് ബിജെപി ജില്ലാ ഓഫീസ് പൂട്ടിയിട്ടു. പാർട്ടിയിലെ തന്നെ പ്രതിഷേധക്കാരാണ് ഓഫീസ് പൂട്ടിയത്. കുമ്പള പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം - ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു നടപടി. ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ടെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നേതൃത്വത്തിന് പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. സുരേന്ദ്രൻ ഇന്ന് ജില്ലയിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം എത്താതായതോടെയാണ് പ്രതിഷേധമുണ്ടായത്.
രാവിലെ ഒൻപതരയോടെ കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ആരംഭിച്ച പ്രതിഷേധം രണ്ടര മണിക്കൂറോളം നീണ്ടു. 2020 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ പ്രവർത്തകർ പരാതിയുമായി നേതൃത്വത്തെ സമീപിച്ചിരുന്നു. ഇത്രയും നാളായും പ്രശ്‌നം പരിഹരിക്കാതായതോടെയാണ് പ്രതിഷേധക്കാർ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.