
സമ്പന്നരുടെ വിവാഹങ്ങൾക്ക് ഹെലികോപ്ടറിൽ വരനും, വധുവും വരുന്നതും വിവാഹ ശേഷം പറക്കുന്നതും ഇപ്പോൾ സാധാരണമാണ് . ലക്ഷങ്ങൾ മുടക്കിയുള്ള ഇത്തരം ആഢംബരങ്ങൾ കണ്ട് നോക്കി നിൽക്കുവാനേ സാധാരണക്കാർക്ക് കഴിയാറുള്ളു. എന്നാൽ ഈ വിഷമം മാറ്റുവാൻ തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് ബീഹാർകാരനായ ഗുഡ്ഡു ശർമ്മ. സാധാരണക്കാരനെ മനസിൽ വച്ച് ടാറ്റ നിർമ്മിച്ച നാനോ കാറിനെയാണ് ഗുഡ്ഡു ഹെലികോപ്ടറാക്കി രൂപാന്തരപ്പെടുത്തിയത്.
മെക്കാനിക്ക് കൂടിയായ ഇയാൾ അര ലക്ഷം രൂപ ചെലവിട്ടാണ് നാനോയെ ഹെലികോപ്ടറാക്കി മാറ്റിയത്. പറക്കില്ല എന്നതൊഴിച്ചാൽ ആകാരഭംഗിയിൽ നാനോ ഹെലികോപ്ടർ ഒറിജിനൽ ഹെലികോപ്ടറിനെ കടത്തി വെട്ടും. വെറും 15,000 രൂപ നൽകിയാൽ മതി നാനോ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനാവും.
തന്റെ ഹെലികോപ്ടറിന് നല്ല ഡിമാൻഡുണ്ടെന്നണ് ഗുഡ്ഡു പറയുന്നത്. 2018ൽ ടാറ്റ നിർമാണം നിർത്തലാക്കിയ നാനോയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ മോഡിഫിക്കേഷന്റെ പേരിൽ ഗുഡ്ഡുവിന്റെ ഹെലികോപ്ടർ റോഡിലൂടെ എത്രനാൾ പറക്കുമെന്ന് കണ്ടറിയണം.