modi

ഹർദോയി(യു.പി): സമാജ്‌വാദി പാർട്ടി സംസ്ഥാനം ഭരിക്കുന്ന സമയത്ത് യു.പിയുടെ വികസനത്തിന് താൻ നടത്തിയ ശ്രമങ്ങൾക്ക് പിന്തുണ ലഭിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കൊണ്ടുവന്ന വികസനം എസ്.പിയുടെയോ ബിഎസ്‌പിയുടെയോ സർക്കാരിന് കൊണ്ടുവരാത്തതാണെന്നും മോദി അവകാശപ്പെട്ടു.

അഖിലേഷ് യാദവിന്റെ സർക്കാർ യു.പിയിൽ മാഫിയകളെയും ക്രിമിനലുകളെയുമാണ് സഹായിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇത്തവണ സംസ്ഥാനത്തെ ജനങ്ങൾക്ക് രണ്ട് തവണ ഹോളി ആഘോഷിക്കാൻ അവസരമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന് ഒന്നാമത് മാർച്ച് 10ന് ഫലം വരുമ്പോൾ ബിജെപിയ്‌ക്ക് ബമ്പർ വിജയം തന്നെ സമ്മാനിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

'അവർ(എസ്.പി)വിഷമുള‌ളവരാണ്. ജാതിയുടെ പേരിൽ അവർ സമൂഹത്തിൽ വിഷം പടർത്തും. അധികാരത്തിന് വേണ്ടി കുടുംബത്തിനുള‌ളിൽ തന്നെ അവർ തമ്മിലടിക്കും.' മോദി യു.പിയിലെ ഹർദോയിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും ഒരു ഡബിൾ എഞ്ചിൻ സർക്കാരിന് മാത്രമേ യു.പിയിൽ വികസനം കൊണ്ടുവരാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിൻ ലാദനെപ്പോലെയുള‌ളവരെ ബഹുമാനിക്കുന്ന സമാജ്‌വാദി പാർട്ടി സൈനികരെ അപമാനിക്കാറുണ്ടെന്നും മോദി ആരോപണം ഉന്നയിച്ചു.