accident-

ജയ്പൂർ : വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വാഹനാപകടത്തിൽ വരൻ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. രാജസ്ഥാനിലാണ് അപകടമുണ്ടായത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് പോവുകയായിരുന്ന വിവാഹസംഘത്തിലെ വരൻ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ ചമ്പൽ നദിയിലേക്ക് വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ 7.50 ഓടെയാണ് അപകടമുണ്ടായത്. വെള്ളത്തിലേക്ക് വീണ കാറിൽ നിന്നും ആദ്യം ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പിന്നീട് മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർ പുറത്തെടുത്തു. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ ചൗത് കാ ബർവാഡ ഗ്രാമത്തിൽ നിന്നുള്ളവരാണ് വരനും സംഘവും. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഃഖം രേഖപ്പെടുത്തി.