
തൃശൂർ: ചാവക്കാട് നഗരത്തിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവാവും യുവതിയും ചാടി. ചാവക്കാട് സ്വദേശികളായ അക്ഷിത്(23), സ്മിന(18) എന്നിവരാണ് ചാടിയത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം നടന്നത്. സാരമായി പരിക്കേറ്റ രണ്ടുപേരെയും ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഴയ നഗരസഭാ കെട്ടിടത്തിന് മുകളിൽ നിന്നും തൊട്ടടുത്തുള്ള കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേയ്ക്കാണ് ഇവർ ചാടിയത്. ഞായറാഴ്ചയായതിനാൽ ഇവർ കയറിയ കെട്ടിടത്തിലെ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചിരുന്നില്ല. എന്തിനാണ് ഇവർ താഴേയ്ക്ക് ചാടിയതെന്ന കാര്യം വ്യക്തമല്ല. ഇരുവരുടെയും മൊഴിയെടുത്ത ശേഷമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസും ചാവക്കാട് ഫയർ ഫോഴ്സും സ്ഥലത്തെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. സ്ഥലം എംഎൽഎ എൻകെ അക്ബറുടെ നേതൃത്വത്തിൽ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.