hijab-

ന്യൂഡൽഹി : കർണാടകയിൽ ഹിജാബ് വിവാദം കത്തിപ്പടരവേ നിലപാട് വ്യക്തമാക്കി മുസ്ലീം രാഷ്ട്രീയ മഞ്ച്. ആർഎസ്എസ് ബന്ധമുള്ള സംഘടനയാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആർഎം). യാഥാസ്ഥിതിക ചിന്തകളിൽ നിന്നും മുക്തരാകാനും, വിദ്യാഭ്യാസം എന്നത് ഹിജാബിനേക്കാളും പ്രധാനമാണെന്ന് മനസിലാക്കാനുമാണ് സമുദായത്തോട് മുസ്ലീം രാഷ്ട്രീയ മഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനേക്കാൾ വിദ്യാഭ്യാസമാണ് പുരോഗതിക്ക് പ്രധാനമെന്ന് സംഘടന ശനിയാഴ്ച രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഇന്ത്യയിൽ നിരക്ഷരത കൂടുതൽ മുസ്ലീം സമുദായത്തിലാണ്, 43 ശതമാനം. ഇതുപോലെ തൊഴിലില്ലായ്മ നിരക്കും വളരെ ഉയർന്നതാണെന്ന് സംഘടന പറയുന്നു. എന്തുകൊണ്ടാണ് ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ളതെന്ന് മുസ്ലീങ്ങൾ ചിന്തിക്കണം. ഇന്ത്യയിലെ മുസ്ലീങ്ങൾ പുരോഗമനപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. വേണ്ടത് പുസ്തകമാണ്, ഹിജാബല്ലെന്ന് മനസിലാക്കണമെന്നും എംആർഎം ദേശീയ കൺവീനർ ഷാഹിദ് സയീദ് പറഞ്ഞു.

ഇന്ത്യയിലെ മൊത്തം മുസ്ലീം ജനസംഖ്യയെടുത്താൽ അതിൽ 2.75 ശതമാനത്തിന് മാത്രമാണ് ബിരുദധാരികളോ അതിനു മുകളിലുള്ള വിദ്യാഭ്യാസമോ ഉള്ളത്. ഇവരിൽ സ്ത്രീകളുടെ ശതമാനം വെറും 36.65 ശതമാനമാണ്. വിദ്യാലയങ്ങളിൽ നിന്നും മുസ്ലീങ്ങൾക്കിടയിലെ കൊഴിഞ്ഞുപോക്ക് ഏറ്റവും ഉയർന്നതാണെന്നും, ഗ്രാമപ്രദേശങ്ങളിലെ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ആൺകുട്ടികളേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് മുത്തലാഖ് റദ്ദാക്കിയതും അത് ക്രിമിനൽവൽക്കരിച്ചതും മുസ്ലീം സ്ത്രീകളെ ആചാരത്തിന്റെ വേദനയിൽ നിന്ന് മോചിപ്പിച്ചതായും എംആർഎം കൺവീനർ പറഞ്ഞു. ഈ നിയമം വന്നതിന് ശേഷം ധാരാളം മുസ്ലീം സ്ത്രീകൾക്ക് ആശ്വാസം ലഭിച്ചു. അവരുടെ കുടുംബത്തിന് അന്തസോടെ ജീവിക്കാനുള്ള അവകാശവും ലഭിച്ചു.