accident

പാലക്കാട്: കുഴൽമന്ദം വെള്ളാപ്പാറയിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ തെളിവെടുപ്പ് നടത്തി. അപകടത്തിൽ മരിച്ച ആദർശിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. ഡ്രൈവർക്ക് പറ്റിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മനസിലാകുന്നതെന്ന് കമ്മീഷൻ അംഗം അഡ്വക്കേറ്റ് ടി മഹേഷ് പറഞ്ഞു.

സംഭവത്തിൽ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് യുവജന കമ്മീഷൻ തെളിവെടുപ്പിനെത്തിയത്. ഡ്രൈവറുടെ ഭാഗത്തെ വീഴ്ച പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയതായും ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ടി മഹേഷ് പറഞ്ഞു. കേസന്വേഷണത്തിന്റെ തുടക്കത്തിൽ വീഴ്ചയുണ്ടായെന്നും എന്നാൽ ഇപ്പോൾ നീതി ലഭിക്കും എന്ന പ്രതീക്ഷയുണ്ടെന്നും മരിച്ച ആദർശിന്റെ അച്ഛൻ പറഞ്ഞു. അതേസമയം അപകടം നേരിൽ കണ്ട കൂടുതൽ ദൃക്സാക്ഷികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഫെബ്രുവരി ഏഴിനാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് അപകടമുണ്ടായത്.