
കൊൽക്കത്ത : പശ്ചിമ ബംഗാൾ ഉപഭോക്തൃകാര്യ, സ്വാശ്രയ സംഘ, സ്വയംതൊഴിൽ വകുപ്പ് മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ സദൻ പാണ്ഡെ (71) അന്തരിച്ചു. ഇന്നലെ രാവിലെ മുംബയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി മുംബയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടുത്തിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് മരണവാർത്ത സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ മുതിർന്ന സഹപ്രവർത്തകനും പാർട്ടി നേതാവും ക്യാബിനറ്റ് മന്ത്രിയുമായ സദൻ പാണ്ഡെ മുംബയിൽ അന്തരിച്ചു. ഞങ്ങൾ ദീർഘകാലമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ നഷ്ടത്തിൽ അഗാധമായി വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം'- മമത ട്വീറ്റ് ചെയ്തു. കോൺഗ്രസുകാരനായിരുന്ന പാണ്ഡേ 1998ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് തൃണമൂലിൽ ചേർന്നത്. എട്ടുതവണ എം.എൽ.എ ആയിരുന്നു. 2011ൽ പാർട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിയായി.