t-twenty

കൊച്ചി: കിഴക്കമ്പലത്തെ കൊല്ലപ്പെട്ട ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ കുടുംബത്തിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. ദീപുവിന്റെ കുടുംബത്തിന്റെ എല്ലാ ചിലവും ഇനി പാർട്ടി ഏറ്റെടുക്കും.കുട്ടികളുടെ പഠനം, രക്ഷകർത്താക്കളുടെ ചികിത്സ ഇങ്ങനെയെല്ലാം പാർട്ടി ഏറ്റെടുക്കും. ദീപുവിന്റെ വീട്ടിലെത്തി സന്ദർശിച്ച ശേഷം സാബു ജേക്കബ് അറിയിച്ചു.

'മറ്റ് പാർട്ടികളെപ്പോലെ രക്തസാക്ഷി മണ്ഡപം പണിയാനോ അതിന്റെ പേരിൽ കോടികളുടെ അഴിമതി നടത്താനോ ട്വന്റി20 ഇല്ല. ദീപുവിന്റെ കുടുംബാംഗങ്ങൾക്ക് അന്ത്യം വരെയും പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകും.' സാബു ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്ത് ലൈറ്റ് അണയ്‌ക്കൽ സമരത്തിനിടെയാണ് കിഴക്കമ്പലം സ്വദേശി ദീപു(38)വിന് മ‌ർദ്ദനമേ‌റ്റത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദീപു വൈകാതെ മരിച്ചു. ദീപുവിന്റെ സംസ്‌കാരത്തിൽ പാർട്ടി പ്രവർത്തകർ കൂട്ടമായെത്തിയതോടെ കൊവിഡ് ചട്ടലംഘനത്തിന് ഇവരുടെ പേരിൽ കേസെടുത്തിരുന്നു,

ദീപുവിന്റെ മരണത്തിന് പിന്നിൽ സിപിഎം ആണെന്ന് ട്വന്റി 20 ആരോപിച്ചിരുന്നു. എന്നാൽ കരൾ രോഗിയായിരുന്നു ദീപുവെന്നായിരുന്നു സിപിഎം മറുപടി. ഇതിനെ ട്വന്റി 20യും ദീപുവിന്റെ കുടുംബാംഗങ്ങളും തള‌ളി. ദീപുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ട്വന്റി 20 ആവശ്യമുന്നയിച്ചത്.