
കൊൽക്കത്ത : ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകൻ രാഹുൽ ദ്രാവിഡിനും ബി.സി.സി.ഐ പ്രസിഡിന്റ് സൗരവ് ഗാംഗുലിക്കുമെതിരെ തുറന്നടിച്ച് വെറ്റ്റൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ. ഇനി ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും ദ്രാവിഡ് പറഞ്ഞെന്നും ബി.സി.സി.ഐ പ്രസിഡന്റായി താനുള്ലിടത്തോളം ടീമിലുണ്ടാകുമെന്ന് ഉറപ്പുപറഞ്ഞ ഗാംഗുലി വാക്കുമാറ്റിയെന്നും സാഹ ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മയും രഞ്ജിയിൽ കളിച്ചാലും ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് പറഞ്ഞതായി സാഹ പറഞ്ഞു. ഇതുവരെ ഇന്ത്യൻ ടീമിന്റെ ഭാഗമായതിനാലാണ് ഇക്കാര്യങ്ങൾ പുറത്ത് പറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് അറിഞ്ഞതിനാലാണ് സാഹ രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ നവംബറിൽ ന്യൂസിലൻഡിനെതിരെ ശാരീരിക അസ്വസ്ഥതകൾ കടിച്ചമർത്തി വേദനസംഹാരി കഴിച്ച് ബാറ്റ് ചെയ്ത് പുറത്താകാതെ 61 റൺസെടുത്ത ഇന്നിംഗ്സിന് ശേഷം ഗാംഗുലി എന്നെ അഭിനന്ദിച്ച് ഫോണിൽ മെസ്സേജ് അയച്ചു. അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഞാൻ ടീമിൽ ഉണ്ടാകുമെന്നും ഉറപ്പു നൽകി. അതെന്റെ ആത്മ വിശ്വാസം വളരെ ഉയർത്തി.എന്നാൽ അതിന് ശേഷം എല്ലാം മാറിപ്പോയി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. - സാഹ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ദ്രാവിഡ് എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു.വൃദ്ധി ഇത് നിന്നോട് എങ്ങനെ പറയണമെന്ന് അറിയില്ലെന്നും ടെസ്റ്റിൽ പുതിയൊരു വിക്കറ്റ് കീപ്പറെ പരീക്ഷിക്കാനാണ് മാനേജ്മെന്റും സെലക്ടർമാരും തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞു. ശ്രീലങ്കൻ പര്യടനത്തിൽ ടീമിൽ ഇല്ലെങ്കിൽ ഞെട്ടരുതെന്നും അതിനിടെ വേറെ എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കിൽ ആകാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നോട് വിരമിക്കാൻ പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചതാണതെന്ന് എനിക്ക് മനസിലായി. വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമെല്ലെന്ന് ദ്രാവിഡിന് മറപടി നൽകി.- സാഹ വ്യക്തമാക്കി. കുറച്ച് നാളുകൾക്ക് ശേഷം ചേതൻ ശർമ്മയും തന്നെ വിളിച്ച് ദ്രാവിഡ് പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.ഫിറ്റ്നസോ ഫോമോ കാരണമല്ല പുതുമുഖത്തെ പരീക്ഷിക്കാനാണ് ഒഴിവാക്കുന്നതെന്നും പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മാത്രമാണോ ഒഴിവാക്കിയതെന്ന് ചോദിച്ചപ്പോൾ അല്ല ഇനിയൊരിക്കലും നിങ്ങളെ പരിഗണിക്കില്ലെന്ന് ചേതൻ അറിയിച്ചതായും സാഹ വെളിപ്പെടുത്തി. ഇത്തവണ രഞ്ജി ട്രോഫിയിൽ കളിക്കാതിരുന്നത് ഭാര്യയ്ക്ക് ഡെംഗു വന്നതിന്റെ അവശതകളിൽ ആയതിനാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണെന്നും സാഹ പറഞ്ഞു.