-nine-people-

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ട ജില്ലയിൽ വിവാഹസംഘം സഞ്ചരിച്ച കാർ ചമ്പൽ നദിയിലേക്ക് മറിഞ്ഞ് വരൻ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. ഇന്നലെ രാവിലെ 8.30നാണ് അപകടം.

ക്രെയിൻ ഉപയോഗിച്ച് കാർ പുഴയിൽ നിന്ന് ഉയർത്തിയെടുത്തു. ഏഴു മൃതദേഹങ്ങൾ കാറിനകത്ത് നിന്നും രണ്ട് മൃതദേഹങ്ങൾ നദിയിൽ നിന്നും കോട്ട മുനിസിപ്പൽ കോർപ്പറേഷൻ രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് കേസർ സിംഗ് ഷെഖാവത്ത് പറഞ്ഞു. ചൗത് കാ ബർവാഡയിൽ നിന്ന് ഉജ്ജയിനിലേക്ക് പോകുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തിൽപ്പെട്ടത്. വരൻ അവിനാശ് (23), കേശവ് (30), ഇസ്ലാം ഖാൻ (35), കുശാൽ (22), ശുഭം (23), രാഹുൽ (25), രോഹിത് (22), വികാസ് (24), മുകേഷ് (35) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുമെന്ന് ജില്ലാ കളക്ടർ ഹരിമോഹൻ മീണ അറിയിച്ചു.