
കോഴിക്കോട്:കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ 17കാരി ഇന്നലെ പുലർച്ചെ ഓട് പൊളിച്ച് രക്ഷപ്പെട്ടു. നേരത്തെ കൊല്ലപ്പെട്ട മഹാരാഷ്ട്രക്കാരി കഴിഞ്ഞിരുന്ന അഞ്ചാം വാർഡിലായിരുന്നു പെൺകുട്ടിയും. അതിനിടെ, ശനിയാഴ്ച വൈകിട്ട് ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് ചാടിപ്പോയ മലപ്പുറം വണ്ടൂർ സ്വദേശിയായ യുവാവിനെ ഇന്നലെ പുലർച്ചെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇയാളെ കുതിരവട്ടത്ത് എത്തിച്ചു.
സെല്ലിലെ കൊലപാതകത്തിന് പിന്നാലെ രണ്ടുപേർ 14ന് ചാടിപ്പോയിരുന്നു. മലപ്പുറം സ്വദേശിയായ 42 കാരിയെ കണ്ടെത്തിയെങ്കിലും കോഴിക്കോട് സ്വദേശിയായ 39 കാരനെ കണ്ടെത്തിയിട്ടില്ല. കുളിക്കാൻ കൊണ്ടുപോകുമ്പോൾ ഇയാൾ ഓടിപ്പോവുകയായിരുന്നു.
അന്തേവാസികളുടെ തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ട ശേഷം തുടർച്ചയായി സുരക്ഷാ വീഴ്ചകളാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രക്കാരി ജിയറാം ജലോട്ടിനെ കൊലപ്പെടുത്തിയ കേസിൽ കൊൽക്കത്ത സ്വദേശിയായ അന്തേവാസിയെ അറസ്റ്റ് ചെയ്തെങ്കിലും ഇവിടെ തന്നെയാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.എസ്. ഷിനു ഇവിടെ പരിശോധന നടത്തിയിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. നേരത്തെ ജില്ലാ ജഡ്ജി പി. രാഗിണി നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഹൈക്കോടതിക്ക് ഉടൻ സമർപ്പിച്ചേക്കും.
സുരക്ഷാ ജീവനക്കാരില്ല
അഞ്ഞൂറോളം അന്തേവാസികൾ
90പേർ രോഗമുക്തരെങ്കിലും ഏറ്റെടുക്കാൻ ആളില്ല
ഇപ്പോൾ നാല് സുരക്ഷാ ജീവനക്കാർ മാത്രം.
വനിതകളുൾപ്പെടെ 20 പേരെങ്കിലും വേണം.