k-s

കോഴിക്കോട്: ഭരണഘടനാ പദവിയായ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തങ്ങളുടെ അഴിമതിയെ ചോദ്യം ചെയ്താല്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുമെന്നാണ് സി.പി.എം സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഖജനാവ് കൊള്ളയടിക്കുന്നത് ഗവര്‍ണര്‍ എതിര്‍ത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം. ഭരണപക്ഷത്തിന്റെ ഏറാൻമൂളികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമര്‍ശം മത സാഹോദര്യം തകര്‍ക്കുന്നതാണെന്നും മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ വര്‍ഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു,