
കീവ്: യുക്രെയിനിലുള്ള എല്ലാ ഇന്ത്യക്കാരും എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഏറ്റവും അടുത്ത് ലഭ്യമായ ഫ്ളൈറ്റിൽ അടിയന്തര ആവശ്യമില്ലാത്ത വിദ്യാർത്ഥികളടക്കമുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും യുക്രെയിൻ വിടണമെന്ന് എംബസി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ സ്റ്റുഡന്റ് കോൺട്രാക്ടർമാരെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തണമെന്നും കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ സമൂഹമാദ്ധ്യമങ്ങൾ പിന്തുടരണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പോലും ആവശ്യത്തിനുള്ള ടിക്കറ്റുകൾ ലഭ്യമല്ലെന്ന് ആരോപണമുണ്ട്. ഈ മാസം 22, 24, 26 തീയതികളിൽ എയർ ഇന്ത്യ യുക്രെയിനിലേക്ക് ഫ്ളൈറ്റ് സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയിനിലെ ബൊറിസ്പിൽ വിമാനത്താവളത്തിലേക്കായിരിക്കും എയർ ഇന്ത്യ സർവീസുകൾ നടത്തുക. അതേസമയം യുക്രെയിൻ അതിർത്തിയിൽ റഷ്യൻ സൈന്യം തമ്പടിച്ചിരിക്കുന്നതിന്റെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്കൻ സ്പേസ് ടെക്നോളജി കമ്പനിയായ മാക്സർ പുറത്തുവിട്ടു. സൈനികപിന്മാറ്റം തുടരുകയാണെന്ന് റഷ്യ അവകാശവാദമുന്നയിക്കുന്നതിന് പിന്നാലെയാണിത്.
റഷ്യ തങ്ങളുടെ ചില സൈനിക ഉപകരണങ്ങൾ ഉക്രെയിന് സമീപമുള്ള തന്ത്രപരമായ സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചിത്രങ്ങളിൽ വ്യക്തമാണ്. ഇതോടെ, യുക്രെയിൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചു തുടങ്ങി എന്ന റഷ്യയുടെ അവകാശവാദത്തെ അമേരിക്കയും നാറ്റോയും വീണ്ടും തള്ളി. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പോളണ്ടിലെത്തി സ്ഥിതി വിലയിരുത്തി. യുദ്ധമുണ്ടായാൽ യുക്രെയിനിൽ നിന്ന് അഭയാർത്ഥികളെ സ്വീകരിക്കാൻ ഒരുങ്ങുന്ന പോളണ്ടിന് അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.