
മുംബയ്: നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻ.എസ്.ഇ) ഡേറ്റാ സെന്റർ കേസിൽ മുൻ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ചിത്ര രാംകൃഷ്ണയുടെയും അവരുടെ മുഖ്യ ഉപദേശകനായിരുന്ന ആനന്ദ് സുബ്രഹ്മണ്യന്റെയും വീട്ടിൽ നിന്ന് റെയ്ഡുകളിലൂടെ കണ്ടെത്തിയ ലാപ്‌ടോപ്പുകളും മൊബൈൽഫോണുകളും നിർണായക തെളിവാകും.
ഇരുവരും ഉപയോഗിച്ചിരുന്ന ഔദ്യോഗിക ലാപ്പ്‌ടോപ്പുകൾ അവരുടെ രാജിക്കുപിന്നാലെ എൻ.എസ്.ഇ അധികൃതർ നശിപ്പിച്ചിരുന്നു. 20 വർഷമായി അജ്ഞാതനായ 'ഹിമാലയൻ യോഗിയുടെ" പ്രേരണയാലാണ് താൻ പ്രവർത്തിച്ചതെന്ന് ചിത്ര രാംകൃഷ്‌ണ വെളിപ്പെടുത്തിയിട്ടുണ്ട്. എൻ.എസ്.ഇയിലെ ഇടപാടുകാരുടെ വിവരങ്ങൾ, ബോർഡ് തീരുമാനങ്ങൾ, പ്രവർത്തനഫലം, നയങ്ങൾ തുടങ്ങിയവ യോഗിക്ക് ചിത്ര ഇ-മെയിലിലൂടെ ചോർത്തിയെന്നും കണ്ടെത്തിയിരുന്നു. ഹിമാലയൻ യോഗിയെ തിരിച്ചറിയാനും ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണ് ഈ യോഗിയെന്ന് ഉറപ്പാക്കാനും ലാപ്‌ടോപ്പിലെ വിവരങ്ങൾ ലഭിക്കണം.
പരസ്‌പരം വിവരങ്ങൾ കൈമാറിയ ഇ-മെയിൽ ഐഡികളും പാസ്‌വേഡുകളും ഓർമ്മയില്ല എന്നാണ് ചിത്രയും ആനന്ദും അന്വേഷണ ഏജൻസികളുടെ ചോദ്യംചെയ്യലിൽ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഫോറൻസിക് പരിശോധനയിലൂടെ ഇ-മെയിൽ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. സി.ബി.ഐയും ആദായനികുതി വകുപ്പും സമാന്തര അന്വേഷണമാണ് നടത്തുന്നത്.
ആത്മീയവഴിയില അഴിമതി
ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ചിത്ര രാംകൃഷ്‌ണ 1992ൽ എൻ.എസ്.ഇയുടെ രൂപീകരണകാലം മുതൽ കമ്പനിയിലുണ്ട്. 1994ൽ പ്രവർത്തനം ആരംഭിച്ച എൻ.എസ്.ഇയുടെ മൂന്നാമത്തെ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒയായി 2013 ഏപ്രിൽ ഒന്നിനാണ് ചുമതലയേറ്റത്.
കമ്പനിയുടെ ആദ്യ വനിതാ എം.ഡി ആൻഡ് സി.ഇ.ഒയായിരുന്ന ചിത്ര, അജ്ഞാതനായ യോഗിയുടെ പ്രേരണയാൽ നടപ്പാക്കിയ തീരുമാനങ്ങളാണ് പിന്നീട് ഡേറ്റാസെന്റർ അഴിമതികളിലേക്ക് ഉൾപ്പെടെ വഴിതുറന്നത്.
തട്ടിപ്പിന്റെ നുഴഞ്ഞുകയറ്റം
ചിത്രയുടെ ഭരണകാലത്ത് എൻ.എസ്.ഇ സെർവറിൽ നുഴഞ്ഞുകയറി ഓഹരിവിപണിയുടെ വിവരങ്ങൾ ചോർത്താൻ ഇഷ്ടക്കാരായ സ്വകാര്യ ബ്രോക്കറിംഗ് കമ്പനികളെ അനുവദിച്ചതിലൂടെ നിക്ഷേപകർക്കും ഓഹരി ദല്ലാൾമാർക്കും അൻപതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നതാണ് ഡേറ്റാസെന്റർ കേസ്. ഇതിനുപുറമേ അനധികൃതമായി ഉയർന്ന വേതനം വാങ്ങൽ, അടുപ്പക്കാരനെ കോടികളുടെ ശമ്പളത്തിൽ സ്വന്തം ഉപദേശകനായി നിയമിക്കൽ, കമ്പനിയുടെ വിവരങ്ങൾ ചോർത്തൽ തുടങ്ങിയ ആരോപണങ്ങളിന്മേലാണ് ചിത്രയ്ക്കെതിരെ അന്വേഷണം.