sameer-whankde

മുംബയ്: ബാർ ലൈസൻസ് നേടിയെടുക്കാൻ വയസിൽ കൃത്രിമം കാണിക്കുകയും വ്യാജ രേഖ ചമയ്ക്കുകയും ചെയ്ത കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെക്കെതിരെ താനെ കൊപാരി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, സത്യപ്രതിജ്ഞയിൽ തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രായപൂർത്തിയാകുന്നതിന് മുമ്പേ വാങ്ക്ഡെ നവി മുംബയിൽ ഒരു ബാറിന്റെ ഉടമസ്ഥാവകാശം നേടിയിരുന്നതായി എൻ.സി.പി നേതാവ് നവാബ് മാലിക് ആരോപിച്ചിരുന്നു. നവി മുംബയിലെ ഹോട്ടലായ സദ്ഗുരുവിലെ ബാറിന് 1997 ഒക്‌ടോബർ 27ന് ലൈസൻസ് ലഭിക്കുമ്പോൾ സമീർ വാങ്ക്ഡെയ്ക്ക് 17 വയസായിരുന്നുവെന്ന് ലോക്കൽ എക്‌സൈസ് ഓഫീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ മാസം ആദ്യം ബാറിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഡംബര കപ്പൽ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമീർ വാങ്ക്ഡെ വാർത്തകളിലെത്തിയത്. എന്നാൽ വിവാദങ്ങളിൽ അകപ്പെട്ടതോടെ അന്വേഷണ ചുമതലകളിൽ നിന്ന് നീക്കി.