
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുള്ള തീയതി അടുകുന്തോറും കോൺഗ്രസിനുള്ളിലെ അധികാര വടംവലി മുറുകുന്നു. സംസ്ഥാനത്ത് കോൺഗ്രസിന്റെ ജയസാദ്ധ്യതയെകുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ഒന്നുകിൽ താൻ മുഖ്യമന്ത്രിയാകുമെന്നും അല്ലെങ്കിൽ വീട്ടിലിരിക്കുമെന്നും കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.
ഇതിനുമുമ്പ് കോൺഗ്രസ് ഉത്തരാഖണ്ഡിൽ വിജയിച്ചപ്പോഴെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹരീഷ് റാവത്തിന്റെ പേരും പരിഗണിച്ചിരുന്നു. എന്നാൽ 2002ൽ എൻ ഡി തിവാരിക്കു വേണ്ടിയും 2012ൽ വിജയ് ബഹുഗുണയ്ക്ക് വേണ്ടിയും റാവത്തിന് ഒഴിഞ്ഞുനിൽക്കേണ്ടി വന്നിരുന്നു.
അതേസമയം റാവത്തിന്റെ പ്രതികരണത്തെ കുറിച്ച് സൂചിപ്പിച്ച മാദ്ധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി ആരാകുമെന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് പറഞ്ഞു. ആദ്യം തിരഞ്ഞെടുപ്പ് ജയിക്കുകയാണ് വേണ്ടെതെന്നും തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന് അനുകൂലമായാൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും പ്രീതം സിംഗ് വ്യക്തമാക്കി.
പ്രീതം സിംഗും ഹരീഷ് റാവത്തും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പലപ്പോഴും പരസ്യമായി കലഹിച്ചിട്ടുള്ളതായി ദേശീയ മാദ്ധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു.