
തിരുവനന്തപുരം: ബൾക്ക് പർച്ചേസായി വാങ്ങുന്ന ഇന്ധനത്തിന് വില വർദ്ധന ഏർപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര തീരുമാനം കെഎസ്‌ആർടിസിക്ക് വലിയ തിരിച്ചടിയാണ്. കെഎസ്‌ആർടിസി ഉയർന്ന അളവിൽ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നും പർച്ചേസ് നടത്തില്ല. സ്വകാര്യ പമ്പുകളിൽ നിന്നും ഡീസൽ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര നിർദ്ദേശപ്രകാരം ലിറ്ററിന് 6.73 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പുതിയ വിലയനുസരിച്ച് കെഎസ്‌ആർടിസി 98.15 രൂപ ഒരു ലിറ്റർ ഡീസലിന് നൽകണം. സ്വകാര്യ പമ്പിൽ 91.42 രൂപയാണ്. 'കെഎസ്‌ആർടിസിയെ സംബന്ധിച്ച് വിലവർദ്ധന വലിയ ഭാരമാണ്. കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊതുമേഖല കടന്നുപോകുന്നത്. സ്വകാര്യ പമ്പുകളിലെതിനെക്കാൾ വിലകുറച്ചാണ് ബൾക്ക് പർച്ചേസ് വഴി കെഎസ്‌ആർടിസി ഡീസൽ വാങ്ങിയിരുന്നത്.' ആന്റണി രാജു പറഞ്ഞു.
വിലവർദ്ധന വന്നതിലൂടെ ഒരു ദിവസം 37 ലക്ഷം രൂപയുടെ അധികബാദ്ധ്യതയാണ് കെഎസ്‌ആർടിസിയ്‌ക്ക് ഉണ്ടാകുന്നതെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചത്. അതേസമയം സ്‌കൂൾ തുറക്കുമ്പോൾ കെഎസ്‌ആർടിസി കൂടുതൽ സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.