
കൊച്ചി: ഫെഡറൽ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യസ്ഥാപനമായ (എൻ.ബി.എഫ്.സി) ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഫെഡ്ഫിനി) പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള അപേക്ഷ (ഡി.ആർ.എച്ച്.പി) സെബിക്ക് സമർപ്പിച്ചു. 900 കോടി രൂപയുടെ പുതു ഓഹരികളും (ഫ്രഷ് ഇഷ്യൂ) നിലവിലെ ഓഹരി ഉടമകളുടെ 4.57 കോടി ഓഹരികൾ ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) ഇനത്തിലും വിറ്റഴിക്കുമെന്നാണ് സൂചന. ആകെ 1,700 കോടി രൂപയാണ് സമാഹരണലക്ഷ്യമെന്ന് വിലയിരുത്തുന്നു.
ഫെഡറൽ ബാങ്കിന്റെ 1.65 കോടിയും ട്രൂ നോർത്ത് ഫണ്ടിന്റെ 2.92 കോടിയും ഓഹരികളാണ് ഒ.എഫ്.എസിലുണ്ടാവുക. ഫെഡ്ഫിനയിൽ ഫെഡറൽ ബാങ്കിന് 76 ശതമാനവും ട്രൂ നോർത്തിന് 24 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. ഐ.പി.ഒയ്ക്കുശേഷവും ഫെഡ്ഫിനയിൽ 51 ശതമാനത്തിനുമേൽ ഓഹരി പങ്കാളിത്തം നിലനിറുത്തും.
മികച്ച പ്രവർത്തനം ഫെഡ്ഫിന തുടരുന്നതാണ് ഇതിനുകാരണം. റീട്ടെയിൽ വായ്‌പകളിൽ ശ്രദ്ധിക്കുന്ന എൻ.ബി.എഫ്.സിയാണ് ഫെഡ്ഫിന. സ്വർണപ്പണയ വായ്‌പ, ഭവനവായ്‌പ, ബിസിനസ് വായ്‌പ, ഈടിന്മേൽവായ്‌പ തുടങ്ങിയവയുണ്ട്. രാജ്യവ്യാപകമായി 500ലേറെ ശാഖകളുണ്ട്.