
കൊൽക്കത്ത: ഈ വർഷം നടക്കുന്ന ടി ട്വന്റി ലോകകപ്പിനുള്ള ഒരുക്കമായിട്ടാണ് ഓരോ മത്സരവും കാണുന്നതെന്നും അതിനാൽ തന്നെ ശ്രേയസ് അയ്യറിന് ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത സാഹചര്യമാണെന്നും വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി ട്വന്റിക്ക് ശേഷം ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് ടി ട്വന്റികളിലും ശ്രേയസ് അയ്യറിന് സ്ഥാനം ലഭിച്ചിരുന്നതുമില്ല. എന്നാൽ ഫലം അപ്രസക്തമായ മൂന്നാം ടി ട്വന്റിയിൽ ശ്രേയസ് അയ്യറിനും ഓപ്പണർ റിതുരാജ് ഗെയ്ക്‌വാദിനും ബാറ്റിംഗ് നിരയിൽ അവസരം നൽകാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇരുവർക്കും വേണ്ടി സ്വയം നാലാം സ്ഥാനത്തേക്ക് മാറിയ രോഹിത്, ഗെയ്ക്‌വാദിനെ ഓപ്പണറാക്കുകയും ശ്രേയസിനെ മൂന്നാമതായി ബാറ്റിംഗിന് ഇറക്കുകയും ചെയ്തു.
എന്നാൽ ലഭിച്ച അവസരം മുതലാക്കാൻ ഇരുവർക്കും സാധിച്ചില്ല. ഗെയ്ക്‌വാദ് നാല് റണ്ണിന് പുറത്തായപ്പോൾ, ശ്രേയസ് 16 പന്തിൽ 25 റണ്ണിന് പുറത്താകുകയായിരുന്നു. അതേസമയം ശ്രേയസ് കിട്ടിയ അവസരം മുതലാക്കാത്തതിലും ഉപരിയായി ബാറ്റർ പുറത്തായ രീതിയാണ് വിമർശനവിധേയമാകുന്നത്.
കാലങ്ങളായി ശ്രേയസ് വരുത്തുന്ന അതേ പിഴവ് തന്നെയാണ് ഇത്തവണയും അദ്ദേഹത്തിന് വിനയായത്. സ്പിന്നിന് എതിരായി കളിച്ച് പുറത്താകുന്ന രീതി ശ്രേയസിന്റെ പതിവാണ്. ഇത്ര വർഷമായിട്ടും ഈ പിഴവ് തിരുത്താൻ സാധിക്കാത്തത് ലോകകപ്പ് ടീമിനെ പരിഗണിക്കുന്ന വേളയിൽ ശ്രേയസിനെ പ്രതികൂലമായി ബാധിക്കാനാണ് സാദ്ധ്യത.
ഇന്നും ലെഗ്‌സ്പിന്നർ ഹെയ്ഡൻ വാൽഷിന്റെ പന്തിൽ മിഡ് ഓഫിലേക്ക് സിക്സർ പറത്താനുള്ള ശ്രമത്തിൽ ടോപ് എഡ്ജ് ലഭിച്ച പന്ത് ലോംഗ് ഓണിലെ ഫീൽഡറിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. പന്തിന്റെ ടേൺ മനസിലാക്കാതെ ചാടിയിറങ്ങി അടിക്കാനുള്ള ശ്രമത്തിൽ പന്ത് ശ്രേയസിൽ നിന്നും ഓഫ് സൈഡിലേക്ക് ദിശ മാറിയതിനാലാണ് ടോപ് എഡ്ജ് ലഭിച്ചത്.