
തിരുവനന്തപുരം: പ്രായമായാൽ നാമം ജപിച്ച് ഒരിടത്തിരിക്കണം. നമ്മുടെ നാട്ടിൽ മുതിർന്നവരുടെ നേരെ പ്രയോഗിക്കാറുളള പ്രധാന ആയുധമാണ് അവരുടെ പ്രായം. 'എന്നാൽ തല നരയ്‌ക്കുന്നതല്ലെന്റെ വൃദ്ധത്വം' എന്ന് കവി സുബ്രഹ്‌മണ്യൻ തിരുമുമ്പ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിവയ്‌ക്കുന്നതാണ് ബംഗളൂരു സ്വദേശിനി നാഗരത്നമ്മയുടെ വിജയഗാഥ.
62കാരിയായ നാഗരത്നമ്മ കേരളത്തിലെ വലിയ കൊടുമുടികളിൽ രണ്ടാമതുളള അഗസ്‌ത്യാർകൂടം സാഹസികമായി ട്രെക്കിംഗ് പൂർത്തിയാക്കി കീഴടക്കിയിരിക്കുകയാണ്. കീഴ്‌ക്കാംതൂക്കായ പാറകളിലെ കയറിൽ പിടിച്ച് കൂളായി കയറി അഗസ്‌ത്യാർകൂടം കയറ്റം പൂർത്തിയാക്കുന്ന നാഗരത്നമ്മയുടെ വീഡിയോ ഇൻസ്‌റ്റാഗ്രാമിലുൾപ്പടെ സമൂഹമാദ്ധ്യമങ്ങളിൽ വൻ ഹിറ്റായി. 1868 മീറ്റർ (ഉദ്ദേശം 6129 അടി) ഉയരമുളള മലയാണ് അഗസ്‌ത്യാർകൂടം.
ബംഗളൂരുവിൽ നിന്ന് മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് അഗസ്‌ത്യാർകൂടം കയറാൻ നാഗരത്നമ്മ തിരുവനന്തപുരത്തെത്തിയത്. ഫെബ്രുവരി 16ഓടെ കൂടെയുളള മകനും മറ്റ് ചെറുപ്പക്കാരുടെയും പ്രേരണയോടെ നാഗരത്നമ്മ മല കയറി.
വിവാഹശേഷം ആദ്യമായാണ് നാഗരത്നമ്മ കർണാടക സംസ്ഥാനം വിട്ട് പുറത്തുപോകുന്നത്. ഏകദേശം 40 വർഷത്തിന് ശേഷം. വിവാഹശേഷം മക്കളുടെ കാര്യങ്ങളും മറ്റുമായി ജീവിത പ്രാരാബ്ധങ്ങളിൽ മുഴുകി നാഗരത്നമ്മ. ഇപ്പോൾ മക്കളെല്ലാം വലുതായി കുടുംബമായി താമസിച്ചു തുടങ്ങിയതോടെ തന്റെ ഉളളിലെ ആഗ്രഹങ്ങൾ സാധിക്കാനുളള ശ്രമം തുടങ്ങിയിരിക്കുകയാണ് ഈ മുത്തശി. മല കയറാനെത്തുന്ന എല്ലാവർക്കും വലിയ പ്രചോദനവും പ്രോത്സാഹനവുമാണ് നാഗരത്നമ്മയുടെ ഈ വിജയം.