rape-case

ബംഗളൂരു: പിറന്നാൾ ദിനത്തിൽ മാതാപിതാക്കൾ പുതു വസ്ത്രങ്ങളും മിഠായിയും വാങ്ങി നൽകാത്തതിൽ പിണങ്ങി വീടുവിട്ടിറങ്ങിയ 14കാരിയെ നാലംഗ സംഘം പീഡിപ്പിച്ചതായി പരാതി. കർണാടകയിലെ കൊലാർ ജില്ലയിൽ കാമസമുദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ നാലുപേരെ കാമസമുദ്ര പൊലീസ് അറസ്റ്റ് ചെയ്തു.

ആനന്ദ് കുമാർ, കാന്തര രാജു, പ്രവീൺ, വേണു എന്നിവരാണ് അറസ്റ്റിലായത്. പിറന്നാൾ ദിനത്തിൽ സമ്മാനം നൽകാത്തതിൽ വീട്ടുകാരുമായി വഴക്കിട്ട പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നതിന് പകരം ഭംഗാരപ്പേട്ടിലേക്ക് ബസ് കയറി.

പെൺകുട്ടി തനിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതികൾ കുട്ടിയോട് സംസാരിക്കുകയും പാർക്കിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. വൈകിട്ട് വരെ പാർക്കിൽ ചിലവഴിച്ച ശേഷം പ്രതികൾ പെൺകുട്ടിയെ തനിമഗഡു ഗ്രാമത്തിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി നിലവിളിക്കുന്നത് കേട്ട നാട്ടുകാർ വിവരമറിയിച്ചതോടെ സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെൺകുട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.