
വാഷിംഗ്ടൺ : യുക്രെയിനെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന് റഷ്യ ആവർത്തിക്കുമ്പോഴും ആക്രമണം ഏത് നിമിഷവും സംഭവിക്കുമെന്ന് വീണ്ടും മുന്നറിയിപ്പുമായി യു.എസ്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ചർച്ച നടത്തി.
ബെലറൂസിൽ വിന്യസിച്ചിരിക്കുന്ന 30,000ത്തോളം വരുന്ന ട്രൂപ്പുകളെ റഷ്യ യുക്രെയിൻ അധിനിവേശത്തിന്റെ ഭാഗമായി ഉപയോഗിച്ചേക്കാമെന്ന് നാറ്റോ ആരോപിച്ചു. ബെലറൂസിൽ നടന്നുവരുന്ന റഷ്യയുടെ സംയുക്ത സൈനികാഭ്യാസം നീട്ടുന്നതായി ബെലറൂസ് പ്രതിരോധ മന്ത്രി അറിയിച്ചതിന് പിന്നാലെയാണ് നാറ്റോയുടെ പ്രതികരണം. കിഴക്കൻ യൂറോപ്പിലേക്ക് നാറ്റോ സേനയെ വിന്യസിച്ച് യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് സംഘർഷം ആളിക്കത്തിക്കുകയാണെന്ന് റഷ്യ ആരോപിച്ചു.
സൈനികാഭ്യാസം അവസാനിക്കുന്നില്ല: റഷ്യൻ സേന ബെലറൂസിൽ തുടരും
മോസ്കോ : കിഴക്കൻ യുക്രെയിനിൽ റഷ്യൻ വിമത മേഖലയിൽ ഷെല്ലാക്രമണങ്ങൾ ഉയരുന്നതിനിടെ യുക്രെയിന് നേരെ ആക്രമണ ഭീഷണി ഉയർത്തി റഷ്യൻ കരുനീക്കം. ഇന്നലെ അവസാനിക്കാനിരുന്ന സംയുക്ത സൈനികാഭ്യാസം നീട്ടാൻ റഷ്യയും ബെലറൂസും തീരുമാനിച്ചതായി ബെലറൂസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 10നാണ് ബെലറൂസിൽ റഷ്യയുടെ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്.
ബെലറൂഷ്യൻ, റഷ്യൻ അതിർത്തികളിലെ സൈനിക പ്രവർത്തനങ്ങൾ വർദ്ധിച്ചതും കിഴക്കൻ യുക്രെയിനിൽ സംഘാർഷാവസ്ഥ ഉയർന്നതിനാലും ഇരുരാജ്യങ്ങളുടെയും സുരക്ഷ മുൻനിറുത്തി പ്രസിഡന്റുമാരുടേതാണ് തീരുമാനമെന്ന് ബെലറൂസ് പ്രതിരോധമന്ത്രി വിക്ടർ ഖ്റെനിൻ പറഞ്ഞു. പരിശീലനത്തിന്റെ മുൻഘട്ടങ്ങളിൽ പൂർണമായും ഉൾപ്പെടാതിരുന്ന പ്രതിരോധ മേഖലകളെയാണ് അടുത്തഘട്ടം പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 30,000 റഷ്യൻ ട്രൂപ്പുകൾ ബെലറൂസിൽ തുടരുന്നതായാണ് വിവരം. യുക്രെയിനുമായി നീണ്ട അതിർത്തി പങ്കുവയ്ക്കുന്ന രാജ്യം കൂടിയാണ് ബെലറൂസ്.
റഷ്യയുടെ പദ്ധതി 1945ന് ശേഷമുള്ള വലിയ യുദ്ധം : ബോറിസ് ജോൺസൺ
ലണ്ടൻ : 1945ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിന് റഷ്യ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പദ്ധതി ചില അർത്ഥത്തിൽ റഷ്യ ആരംഭിച്ചു കഴിഞ്ഞതായും ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ബോറിസ് വ്യക്തമാക്കി. കിഴക്കൻ യുക്രെയിനിലെ വിമത ഷെൽ ആക്രമണത്തിൽ കഴിഞ്ഞ ദിവസം രണ്ട് യുക്രെയിനിയൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേരെ കിഴക്കൻ യുക്രെയിനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അസ്ഥിരമായ കിഴക്കൻ യുക്രെയിൻ മേഖലയിൽ റഷ്യൻ അധിനിവേശം ഏത് നിമിഷവുമുണ്ടായേക്കാമെന്ന ആശങ്ക നിലവിൽ ഇരട്ടിയായിരിക്കുകയാണ്.
അശാന്തമായി കിഴക്കൻ യുക്രെയിൻ
കീവ് : കിഴക്കൻ യുക്രെയിനിലെ വിമത മേഖലകളിൽ ഇന്നലെയും ഷെൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചത്തെ ആദ്യ 11 മണിക്കൂർ റഷ്യൻ വിമതർ 20 തവണ വെടിനിറുത്തൽ കരാർ ലംഘിച്ചതായി യുക്രെയിനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 18 സംഭവങ്ങളിൽ റഷ്യൻ വിമതർ മിൻസ്ക് ഉടമ്പടി പ്രകാരം നിരോധിച്ച ആയുധങ്ങൾ ഉപയോഗിച്ചു. ശനിയാഴ്ച 136 വെടിനിറുത്തൽ ലംഘനങ്ങളുണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, വിമത മേഖലകളായ ഡോനെറ്റ്സ്ക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്ന് ഒഴിപ്പിച്ച 40,000 ത്തിലേറെ പേർ റഷ്യയിലെത്തിയതായി റഷ്യൻ അധികൃതർ വ്യക്തമാക്കി. റോസ്റ്റവ് മേഖലയിലാണ് ഇവരിൽ കൂടുതൽ പേർക്കും അഭയം നൽകിയിരിക്കുന്നത്. അതേ സമയം, യുക്രെയിൻ മിലിട്ടറി നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെടുകയും അഞ്ച് കെട്ടിടങ്ങൾ തകർന്നതായും ലുഹാൻസ്ക് മേഖലയിലെ വിമതർ ആരോപിച്ചു.
പുടിനുമായി സംസാരിച്ച് മാക്രോൺ
മോസ്കോ : യുക്രെയിൻ - റഷ്യ സംഘർഷത്തിൽ അയവ് വരുത്താൻ ലക്ഷ്യമിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോൺ സംഭാഷണം നടത്തി. ഈ വർഷം പുടിനും മാക്രോണും തമ്മിൽ നടക്കുന്ന അഞ്ചാമത്തെ ടെലിഫോൺ സംഭാഷണമാണ് ഇന്നലെ നടന്നത്. ഫെബ്രുവരി 7ന് മാക്രോൺ മോസ്കോയിൽ വച്ച് പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ ഇരുവരും നടത്തിയ സംഭാഷണം 105 മിനിറ്റ് നീണ്ടുനിന്നു.
യുക്രെയിൻ ആക്രമണം തടയാനുള്ള അവസാനത്തെ ശ്രമമെന്നാണ് മാക്രോണിന്റെ ഓഫീസ് ചർച്ചയെ വിശേഷിപ്പിച്ചത്. റഷ്യൻ പ്രകോപനങ്ങളോട് താൻ പ്രതികരിക്കില്ലെന്നും റഷ്യയുമായി ചർച്ച നടത്താൻ തയാറാണെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അറിയിച്ചതിന് പിന്നാലെയാണ് മാക്രോൺ വീണ്ടും മദ്ധ്യസ്ഥതയ്ക്ക് ശ്രമിച്ചത്. അതേ സമയം, കിഴക്കൻ യുക്രെയിനിലെ വെടിനിറുത്തലിന് ഒരുമിച്ച് പ്രവർത്തിക്കാൻ പുടിനും മാക്രോണും ധാരണയിലെത്തിയതായി ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. പുടിന് പിന്നാലെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയേയും മാക്രോൺ ഫോണിൽ വിളിച്ചിരുന്നു. റഷ്യയുമായുള്ള സുരക്ഷാ ചർച്ചകൾ ആരംഭിക്കണമെന്നും കിഴക്കൻ യുക്രെയിനിൽ ഉടൻ വെടിനിറുത്തൽ വേണമെന്നും സെലെൻസ്കി പറഞ്ഞു. പുടിനുമായി കൂടിക്കാഴ്ച നടത്താൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തയാറാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ സൂചിപ്പിച്ചിരുന്നു.
താത്കാലികമായി യുക്രെയിൻ വിടണം : നിർദ്ദേശവുമായി ഇന്ത്യൻ എംബസി
കീവ് : യുക്രെയിനിൽ തുടരേണ്ടത് അനിവാര്യമല്ലാത്ത വിദ്യാർത്ഥികളടക്കമുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും രാജ്യത്തേക്ക് താത്കാലികമായി മടങ്ങണമെന്ന് കീവിലെ ഇന്ത്യൻ എംബസി. ഇത് രണ്ടാം തവണയാണ് പൗരന്മാർക്കായി എംബസി നിർദ്ദേശം പുറപ്പെടുവിക്കുന്നത്. ലഭ്യമായ വാണിജ്യ, ചാർട്ടർ വിമാനങ്ങളെ ഇതിനായി ആശ്രയിക്കണമെന്നും യുക്രെയിന് നേരെ റഷ്യൻ അധിനിവേശം ഏത് സമയവും പ്രതീക്ഷിക്കാമെന്ന പിരിമുറുക്കങ്ങൾക്കിടെ എംബസി വ്യക്തമാക്കി.
ചാർട്ടർ വിമാനങ്ങളെ സംബന്ധിച്ച വിവരങ്ങൾക്കായി ഇന്ത്യൻ വിദ്യാർത്ഥികൾ അനുബന്ധ കോൺട്രാക്ടർമാരുമായി ബന്ധപ്പടാനും ഒപ്പം എംബസിയുടെ വെബ്സൈറ്റ്, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയേയും വിവരങ്ങൾക്ക് ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വിവരങ്ങൾക്കും സഹായത്തിനും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂമുമായും ബന്ധപ്പെടാം. യുക്രെയിനിലെ ഇന്ത്യൻ എംബസി കൺട്രോൾ റൂമിൽ 24 മണിക്കൂറും ഹെൽപ്‌ലൈൻ സംവിധാനമുണ്ട്. യുക്രെയിനിലെ ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലേക്കയക്കും.