pvl

ഹൈദരാബാദ്: അഖിന്‍ ജിഎസ്, നവീന്‍ രാജാ ജേക്കബ് എന്നിവരുടെ കരുത്തില്‍ പ്രൈം വോളിബോള്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ വെന്നിക്കൊടി പാറിച്ച് ചെന്നൈ ബ്ലിറ്റ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ 9-15, 15-12, 15-13, 15-9, 12-15 എന്ന സ്‌കോറിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. സെമിഫൈനല്‍ കാണാതെ പുറത്തായെങ്കിലും വിജയത്തോടെ ലീഗ് പോരാട്ടം അവസാനിപ്പിക്കാന്‍ സാധിച്ചുവെന്ന ആശ്വാസത്തോടെ ചെന്നൈയ്ക്ക് കളം വിടാം. ആറ് മത്സരങ്ങളില്‍ നിന്ന് ആകെ രണ്ട് വിജയങ്ങളാണ് ചെന്നൈ നേടിയത്. ചെന്നൈയുടെ അഖിന്‍ ജി എസ് ആണ് കളിയിലെ താരം.

ചെന്നൈ ബ്ലിറ്റ്‌സിന്റെ ചില അനാവശ്യ പിഴവുകൾ ബംഗളൂരു ടോര്‍പ്പിഡോസിന് തുടക്കത്തിൽ 7-3ന്റെ ലീഡ് നല്‍കിയിരുന്നു. സാരംഗ് ശാന്തിലാലിന്റെ സൂപ്പര്‍ സെര്‍വിലൂടെ ബംഗളൂരു ആദ്യ സെറ്റ് 15-9ന് സ്വന്തമാക്കി. രണ്ടാം സെറ്റിലും ആധിപത്യം തുടർന്ന ബംഗളൂരു, പങ്കജിന്റെ രണ്ട് മികച്ച സ്‌പൈക്കുകളിലൂടെ 7-2ന്റെ ലീഡ് നേടി. എന്നാല്‍ ഫെര്‍ണാണ്ടോ ഗോണ്‍സാലസിന്റെ രണ്ട് ഗംഭീര സര്‍വുകളിലൂടെ ചെന്നൈ തിരിച്ചടിച്ച് 10-9ന്റെ ലീഡ് നേടി. അഖിന്റെ ഒരു തകര്‍പ്പന്‍ സ്മാഷ് ചെന്നൈയുടെ ലീഡ് ഉയര്‍ത്തുകയും ഒടുവില്‍ 15-12ന് രണ്ടാം സെറ്റ് സ്വന്തമാക്കി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തി.

അഖിന്‍ ഉജ്ജ്വലമായ സ്‌പൈക്കിലൂടെ മൂന്നാം സെറ്റില്‍ ചെന്നൈ 7-5ന് ലീഡ് നേടി. തിരിച്ചടിച്ച ബെംഗളൂരു പങ്കജ് ശര്‍മയുടെയും രഞ്ജിത് സിങിന്റെയും മികവില്‍ 9-8ന് ലീഡ് പിടിച്ചു. നവീന്‍ രാജ ജേക്കബ് തലയുയര്‍ത്തി നിന്നതോടെ ബ്ലിറ്റ്‌സ് മടങ്ങിയെത്തിയ ചെന്നൈ 15-13ന് മൂന്നാം സെറ്റും നേടി.

നാലാം സെറ്റില്‍ നവീന്‍ രാജ ജേക്കബും ബ്രൂണോ ഡ സില്‍വയും ചേര്‍ന്ന് ചെന്നൈയ്ക്ക് മികച്ച തുടക്കം നൽകി. ലവ്മീത് കടാരിയ ബെംഗളൂരുവിനെ മത്സരത്തില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചെന്നൈയുടെ കുതിപ്പ് തടയാനായില്ല. ഒടുവിൽ 15-9ന് ബംഗളൂരുവിനെ കീഴടക്കി ചെന്നൈ സെറ്റും മത്സരവും സ്വന്തമാക്കി.

നാളെ നടക്കുന്ന നിർണായക മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. സെമിസാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ ഹീറോസിന് ജയം അനിവാര്യമാണ്.