methuselah

സാൻഫ്രാൻസിസ്കോ : ഇതാണ് മെത്യൂസല. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ അക്വേറിയം മത്സ്യമാണ് മെത്യൂസല. ബൈബിളിൽ നോഹയുടെ മുത്തച്ഛന്റെ പേരാണ് മെത്യൂസല എന്നത്. അദ്ദേഹം 969 വർഷം ജീവിച്ചിരുന്നതായാണ് പറയുന്നത്.

മെത്യൂസല മത്സ്യത്തിനാകട്ടെ ഏകദേശം 90 വയസ് പ്രായമുണ്ടെന്നാണ് കാലിഫോർണിയ അക്കാഡമി ഒഫ് സയൻസസിലെ ഗവേഷകർ പറയുന്നത്. മെത്യൂസലയ്ക്ക് സമപ്രായമുള്ള അക്വേറിയം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 4 അടി നീളവും 18.1 കിലോഗ്രാം ഭാരവുമുള്ള മെത്യൂസല ഓസ്ട്രേലിയൻ ലംഗ്‌ഫിഷ് ഇനത്തിലെ മത്സ്യമാണ്. 1938ൽ ഓസ്ട്രേലിയയിൽ നിന്നും മെത്യൂസലയെ സാൻഫ്രാൻസിസ്കോ മ്യൂസിയത്തിലെത്തിക്കുകയായിരുന്നു.

മീനുകളുടെയും ഉരഗങ്ങളുടെയും പരിണാമ ബന്ധത്തിലെ കണ്ണിയാണ് ഓസ്ട്രേലിയൻ ലംഗ്‌ഫിഷുകൾ എന്ന് കരുതുന്നു. അതേ സമയം, ഏറ്റവും പ്രായം കൂടിയ ഓസ്ട്രേലിയൻ ലംഗ്‌ഫിഷെന്ന നേട്ടം മെത്യൂസലയ്ക്ക് മുന്നേ ഷിക്കാഗോയിലെ ഷെഡ് അക്വേറിയത്തിലെ ' ഗ്രാൻഡ് ‌ഡാഡ് " എന്ന മത്സ്യത്തിന് ലഭിച്ചിരുന്നു. 2017ൽ 95ാം വയസിലാണ് ഗ്രാൻഡ് ‌ഡാഡ് വിടപറഞ്ഞത്.

മെത്യൂസല പെൺമത്സ്യമാണെന്നാണ് കരുതുന്നത്. എന്നാൽ ഇത് കൃത്യമായി നിർണയിക്കാൻ സാധിച്ചിട്ടില്ല. വളരെ ശാന്തവും സൗമ്യവുമായ പ്രകൃതമാണ് മെത്യൂസലയ്ക്ക്. ബ്ലാക്ക് ബെറി, മുന്തിരി, ലെറ്റ്യൂസ് തുടങ്ങിയവ മെത്യൂസലയ്ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. വംശനാശ ഭീഷണി നേരിടുന്ന സ്പീഷീസുകളാണ് ഓസ്ട്രേലിയൻ ലംഗ്‌ഫിഷുകൾ.