
ന്യൂഡൽഹി: സ്വകാര്യ കാറുകളിലും ടാക്സികളിലുമായി പ്രവർത്തിക്കുന്ന നോട്ടറികൾ അഭിഭാഷകവൃത്തിയുടെ അന്തസ് കെടുത്തുന്നതായി ബോംബെ ഹൈക്കോടതി. ഇത്തരം സ്ഥലങ്ങളിലെ നോട്ടറികളുടെ പ്രവർത്തനങ്ങളിൽ ദുരുപയോഗം നടക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. സ്വന്തമായി ഓഫീസുകളില്ലാത്ത നോട്ടറികൾക്ക് ഹൈക്കോടതി പരിസരത്ത് വാടകയില്ലാത്ത മുറികൾ അനുവദിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. നോട്ടറി (ഭേദഗതി) 2021 കരട് ബില്ലിൽ ഇത് സംബന്ധിച്ച ചില ശുപാർശകൾ പരിഗണിക്കാൻ കേന്ദ്ര നിയമമന്ത്രാലയത്തിന് ജസ്റ്റിസ് എസ്.ജെ. കാത്തവല്ല, ജസ്റ്റിസ് മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. അഭിഭാഷക വൃത്തി തെരുവിൽ പ്രവർത്തിക്കേണ്ടതല്ല. ബന്ധപ്പെട്ട നോട്ടറിയുടെ സാന്നിദ്ധ്യമോ ഒപ്പോ ഇല്ലാതെ രേഖകൾ തയാറാക്കുന്നത് വലിയ ദുരുപയോഗമാണ്. ഇത് വേദനാജനകമാണ്. അഭിഭാഷകവൃത്തി എത്രത്തോളം അധഃപതിച്ചിരിക്കുന്നുവെന്ന് കാണിക്കുന്നതാണ് തെരുവിൽ നടക്കുന്ന ഈ പ്രവൃത്തികൾ. സ്വന്തമായി ഓഫീസുകളില്ലാത്ത അഭിഭാഷകരോട് ഞങ്ങൾക്ക് സഹതാപമുണ്ട്. സ്വമേധയാ എടുത്ത പൊതു താല്പര്യ ഹർജി തീർപ്പാക്കി കൊണ്ട് കോടതി പറഞ്ഞു.