
കൊച്ചി: നമ്പർ 18 പോക്സോ കേസിലെ പ്രതി സൈജു എം.തങ്കച്ചനെ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേരെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. വൈപ്പിൻ സ്വദേശികളായ സരുൺ, ഡാനിയേൽ എന്നിവരാണ് പിടിയിലായത്. കേസിൽ ആറ് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണ്.
സൈജുവിന്റെ കൈയിൽ ധാരാളം പണമുണ്ടെന്ന് കരുതി തട്ടിക്കൊണ്ടുപോയെന്നാണ് പ്രതികളുടെ മൊഴി. ഒരു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പ്രാദേശിക ക്രിമിനലുകളാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. 16ന് രാവിലെയാണ് സംഭവം. പ്രതികളെ റിമാൻഡ് ചെയ്തു.
തന്ത്രപൂർവ്വം ഓടി രക്ഷപ്പെട്ട സൈജു മുനമ്പം പൊലീസിൽ പരാതി നൽകി. തട്ടിക്കൊണ്ടുപോയവരിൽ ഒരാളെ പരിചയമുണ്ടെന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സൈജു നിലവിൽ ജാമ്യത്തിലാണ്.